ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ യശസ്വി ജയ്‌സ്വാൾ തകർപ്പൻ സെഞ്ച്വറി നേടി. ഖാരി പിയറി എറിഞ്ഞ 51-ാം ഓവറിലെ ആദ്യ പന്തിൽ രണ്ട് റൺസ് പൂർത്തിയാക്കി 145 പന്തിൽ നിന്ന് അദ്ദേഹം സെഞ്ച്വറി നേടുക ആയിരുന്നു. ഇപ്പോൾ 117 റൺ നേടി ക്രീസിൽ നിൽക്കുന്ന താരം മനോഹരമായി കളിച്ചു മുന്നേറുകയാണ്.
സെഞ്ച്വറി നേടിയതോടെ ജയ്‌സ്വാൾ, ഇതിഹാസം സുനിൽ ഗവാസ്കർ, ഗൗതം ഗംഭീർ എന്നിവർ ഉൾപ്പെടുന്ന ഒരു അതുല്യ ലിസ്റ്റിലും ഇടം പിടിച്ചിരിക്കുകയാണ്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ ഇന്ത്യൻ ഓപ്പണറാണ് ജയ്‌സ്വാൾ. 16 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ ഗാവസ്‌കർ ഇവിടെ ഒരു ഓപ്പണറായി മൂന്ന് സെഞ്ച്വറി നേടിയിട്ടുണ്ട്. അതേസമയം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ ഓപ്പണറാണ് ഗംഭീർ. ഒന്ന് ശ്രമിച്ചാൽ ആ നേട്ടത്തിലും താരത്തിനെത്താം.
ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, 24 വയസ്സ് തികയുന്നതിനുമുമ്പ് ജയ്‌സ്വാളിനേക്കാൾ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയത് മൂന്ന് പേർ മാത്രമാണ്. ഓസ്‌ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ (12) ആണ് പട്ടികയിൽ ഒന്നാമത്, ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ (11), വെസ്റ്റ് ഇൻഡീസിന്റെ ഗാർഫീൽഡ് സോബേഴ്‌സ് (9) എന്നിവരാണ് തൊട്ടുപിന്നിൽ. പാകിസ്ഥാന്റെ ജാവേദ് മിയാൻദാദ്, ദക്ഷിണാഫ്രിക്കയുടെ ഗ്രേം സ്മിത്ത്, ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്ക്, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവരും 24-ാം ജന്മദിനം ആഘോഷിക്കുന്നതിന് മുമ്പ് ഏഴ് സെഞ്ച്വറികൾ വീതം നേടി.
എന്തായാലും ഒടുവിൽ വിവരം കിട്ടുമ്പോൾ 237 – 1 ൽ നിൽക്കുന്ന ഇന്ത്യക്കായി ജയ്‌സ്വാളിനൊപ്പം സായി സുദർശൻ ( 79 ) ആണ് ക്രീസിൽ നിൽക്കുന്നത്.
Discussion about this post