ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ഒരു നല്ല സിനിമ അനുഭവം കിട്ടി എന്ന് പറയാൻ സാധിക്കുക. അല്ലാത്തപക്ഷം സിനിമയുടെ കഥ മനസിലാക്കാതെ എവിടെയൊക്കെയോ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം.
എന്നാൽ സിനിമയുടെ എഴുത്തുകാരനൊപ്പം അല്ലെങ്കിൽ അയാൾക്ക് ഒരുപടി മുകളിൽ ചിന്തിക്കുന്ന നമ്മുടെ ഇതിഹാസങ്ങളായ പാട്ടെഴുത്തുകാർക്ക് സിനിമയിലെ കഥ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ വെറും ഒന്നോ രണ്ടോ വരിയുടെ ആവശ്യമേ ആകെ വരുന്നുള്ളു. കൈതപ്രം തിരുമേനിയും, ഗിരീഷ് പുത്തഞ്ചേരിയും, ശ്രീകുമാരൻ തമ്പിയും പോലെ ഉള്ള നമ്മുടെ അഭിമാനങ്ങളായ ചലച്ചിത്രഗാന രചയിതാക്കൾക്ക് സിനിമയുടെ ആശയം എന്താണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ അത് പാട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒളിപ്പിച്ചുവെക്കും. സിനിമ കണ്ടതിന് ശേഷം ആ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ ” ഈ പാട്ടിൽ ഇങ്ങനെ ഒരു അത്ഭുതം ഉണ്ടായിരുന്നോ ” എന്ന് നമുക്ക് തോന്നുന്ന രീതിയിൽ അത് നമ്മളെ ഞെട്ടിക്കും.
അങ്ങനെ മലയാള സംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവം നൽകി ഓൾ ടൈം ക്ലാസിക്ക് ലിസ്റ്റിൽ ഉള്ള ചില ഗാനങ്ങളിലെ അത്ഭുതങ്ങൾ നമുക്ക് നോക്കാം
1 . തന്മാത്ര ( മിണ്ടാതെടീ കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്ത്) -തന്മാത്ര സിനിമയിലെ രമേശൻ നായരെയും അയാൾ അനുഭവിച്ച രോഗത്തിന്റെ ബുദ്ധിമുട്ടുകളെയും മറന്ന ആരും ഉണ്ടാകില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്ന് തന്നെ വിളിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മോഹൻലാൽ തെളിയിച്ച ചിത്രം, താരത്തിന് ഏറെ പ്രശംസ നേടി കൊടുത്ത ഒന്നാണ്. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിൽ അൽഷീമേഴ്സ് രോഗം ബാധിച്ചതിന് ശേഷം മോഹൻലാൽ കഥാപാത്രമായ രമേശൻ നായരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചിത്രത്തിന്റെ വിവിധ ഘട്ടത്തിൽ നമുക്ക് കാണാൻ സാധിക്കും. ചിത്രത്തിൽ കാണിക്കുന്ന അൽഷീമേഴ്സ് രോഗം വന്നുകഴിഞ്ഞാൽ ഒരു രോഗി തന്റെ ജീവിതത്തിൽ അതുവരെ സംഭവിച്ചത് മറന്ന് ബാല്യത്തിലേക്ക് തിരിച്ചുപോകുമെന്ന് പറയുന്നുണ്ട്.
കൈതപ്രം തിരുമേനി അതിനെ മനോഹരമായ രീതികളിൽ വരികളാക്കിയപ്പോൾ ചിത്രത്തിലെ ” മിണ്ടാതെടീ കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്ത്” എന്ന പാട്ടിലെ ഒരു വരിയിൽ ” വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം” എന്ന് അദ്ദേഹം ചേർത്തിരിക്കുന്നു. വളർന്നിട്ടും നല്ല നിലയിൽ ജീവിക്കുന്ന സമയം ആയിട്ടും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് തന്റെ ജീവിതത്തിൽ കടന്നുവന്ന രോഗാവസ്ഥയെ ഇതിലും മനോഹരമായി എങ്ങനെ വിവരിക്കാനാകും. കൈതപ്രം- മോഹൻ സിതാര കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിലെ മറ്റുള്ള ഗാനങ്ങളും പ്രശസ്തമാണ്.
2 . മല്ലു സിങ്( ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ) – കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ആസിഫ് അലി, ബിജു മേനോൻ ഉൾപ്പടെ വൻതാരനിര അഭിനയിച്ച് 2012 ൽ പുറത്തിങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് മല്ലു സിങ്. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിച്ച സിനിമയിൽ നാടുവിട്ടുപോയ ഉണ്ണി മുകുന്ദൻ അഭിനയിച്ച ഹരി എന്ന കഥാപാത്രത്തെ അന്വേഷിച്ച് കൂട്ടുകാരനായ കുഞ്ചാക്കോ ബോബൻ അഭിനയിച്ച അനി എന്ന കഥാപാത്രം പഞ്ചാബിലേക്ക് യാത്ര നടത്തുന്നു. തുടർന്ന് അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളാണ് സിനിമ കാണിക്കുന്നത്.
ചിത്രത്തിൽ പഞ്ചാബിലേക്കുള്ള യാത്രയിൽ കുഞ്ചാക്കോ ബോബൻ ഉൾപ്പടെ ഉള്ളവർ പാടി അഭിനയിക്കുന്ന “ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ” എന്ന പാട്ടിൽ പാത്തെഴുത്തുകാരൻ രാജീവ് ആലുങ്കൽ “ചെറു ജീരകപ്പാടമതിനക്കരെ പോയ കുഞ്ഞു സൂര്യനെ തേടിയലയാം.” എന്ന വാരി ചേർത്തിട്ടുണ്ട്. ഗോതമ്പിന്റെ നാടായ പഞ്ചാബിൽ പോയ തങ്ങളുടെ ഒകെ എല്ലാം എല്ലാമായ കൂട്ടുകാരനെ തേടുന്ന യാത്രയെ, ഉണ്ണി മുകുന്ദനെ സൂര്യനോട് ഉപമിച്ചിരിക്കുകയാണ്.
3 . ഉണ്ണികളേ ഒരു കഥപറയാം ( ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം) – നാടോടി ജീവിതം നയിക്കുന്ന ഒരു കൂട്ടം അനാഥ കുട്ടികളെ പരിപാലിക്കുന്ന ചെറുപ്പക്കാരനായ എബിയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിതം ഒരു വിധം താളത്തിൽ പോകുന്ന സമയത്താണ് പ്രേക്ഷകരെയും എബിയുമായി ബന്ധപ്പെട്ട ആളുകളെയും നിരാശകരാക്കികൊണ്ട് അദ്ദേഹത്തിന് ഹൃദയരോഗം ആണെന്ന് മനസിലാകുന്നത്. ജീവിതത്തിന്റെ അവസാന നാളുകൾ ആഘോഷിക്കുന്ന എബി പിന്നെ നമുക്ക് സങ്കടം ആകുന്നു. മോഹൻലാൽ- കാർത്തിക ജോഡികൾ അഭിനയിച്ച ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു.
എന്തായാലും ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ “ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം” പാട്ടിൽ “ഈ പാഴ്‌മുളം തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും ഇടയന്റെ മനമാകുമീ…പുല്ലാങ്കുഴൽ നാദമായ്” താൻ മരിക്കും വരെ തന്റെ കൂടെ ഉള്ള കുട്ടികൾക്ക് കൂട്ടായി താൻ ഉണ്ടാകും എന്ന് എബി പറയുകയാണ് പാട്ടിലൂടെ. ഇത് തന്നെയാണ് ചിത്രത്തിന്റെ തീമും. ബിച്ചു തിരുമല- ഔസേപ്പച്ചൻ കൂട്ടുകെട്ടിലാണ് ചിത്രത്തിലെ ഗാനങ്ങൾ പിറന്നത്.
4 . ഈ പറക്കും തളിക ( പറക്കും തളിക ഇതു മനുഷ്യരെ)- മലയാളത്തിലെ തന്നെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി 2001 ൽ ദിലീപ്- ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ പറക്കും തളിക കാണാത്ത മലയാളികൾ കുറവായിരിക്കും. കോമഡി ട്രാക്കിൽ പോകുന്ന ചിത്രത്തിൽ വന്നവരും പോകുന്നവരും എല്ലാം ചിത്രത്തിൽ സ്കോർ ചെയ്യുകയാണ്. അച്ഛൻ താമരക്ഷൻ പിള്ളയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരമായി ലഭിച്ച ഒരു പഴയ ബസുമായി നടക്കുന്ന ദിലീപിന്റെ ഉണികൃഷ്ണനും സഹായി ഹരിശ്രീ അശോകന്റെ സുന്ദരനും ചെന്ന് ചാടുന്ന അമളികളാണ് ചിത്രം പറയുന്നത്.
ചിത്രത്തിലെ, “പറക്കും തളിക ഇത് മനുഷ്യരെ എന്ന ഗാനം തന്നെ നമ്മളെ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു. എന്നാൽ ഉണ്ണിയും സുന്ദരനും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ഗിരീഷ് പുത്തഞ്ചേരി ഈ പാട്ടിൽ പറയുന്നുണ്ട് ” പട്ടിണിമാറ്റാൻ നെട്ടോട്ടം” എന്ന് പറയുന്നതിലൂടെ ഇവരുടെ സങ്കടങ്ങൾ അദ്ദേഹം നമുക്ക് മുന്നിൽ കാണിക്കുന്നു.
5 . ഹരികൃഷ്ണൻസ്( പൂജാബിംബം മിഴി തുറന്നു) – ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള , കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണൻസ്. വക്കിലന്മാരായ ഹരിയും കൃഷ്ണനും ഒരു കേസിന് പിന്നാലെ പോകുന്നതും ആ യാത്രയിൽ ഇവർക്ക് ജൂഹി ചൗള അവതരിപ്പിച്ച മീര എന്ന കഥാപത്രത്തോട് അടുപ്പം തോന്നുന്നു. ഇവർ കേസ് തെളിയിക്കുമോ? ആര് മീരയെ സ്വന്തമാക്കും എന്നൊക്കെയാണ് ചിത്രത്തിലെ ചോദ്യങ്ങൾ.
ഹരിയും കൃഷ്ണയും തന്റെ കേസിന് വേണ്ടി മത്സരിക്കുമ്പോൾ ആർക്കാണ് തന്നോട് യഥാർത്ഥ പ്രണയം ഉള്ളതെന്ന് നോക്കുന്ന മീര നിസഹായതയിൽ പാടുന്ന ” പൂജാബിംബം മിഴി തുറന്നു” എന്ന ഗാനത്തിൽ “സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്കു സ്വന്തം” എന്നാണ് ചോദിക്കുന്നത്. മീരയുടെ ഈ ആശങ്കകുഴപ്പം തന്നെ ആയിരുന്നു ചിത്രത്തിന്റെ ആശയവും.
Discussion about this post