ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ജലപീരങ്കിയും ലാത്തിചാർജുമായി പോലീസ്. ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ലാത്തിചാർജ് നടത്തി പ്രവർത്തകരെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അതേസമയം സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് വിവരങ്ങൾ തേടും. സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ ഇന്ന് ആറന്മുളയിലെത്തും. ശബരിമലയിലെ സ്വർണപ്പാളി കവർച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥർ പ്രാഥമിക വിവരശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്‌ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്‌ഐആർ അടക്കമുള്ള വിശദാംശങ്ങൾ തേടി ഉടൻ ക്രൈംബ്രാഞ്ചിന് കത്തു നൽകും.
Discussion about this post