സ്ത്രീകളുടെ മൂഡ് സ്വിങ്‌സിനെ കുറിച്ചുള്ള പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദിന്റെ വാക്കുകൾ വിവാദമാകുന്നു. സ്ത്രീകൾക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങ്ങാണെന്ന് പറഞ്ഞാൽ മതിയെന്നുമാണ് അഭിഷാദിന്റെ പരാമർശം.
സ്ത്രീകൾക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാർക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം.കൊച്ചീൽ നിന്ന് പ്രോഗാമും കഴിഞ്ഞിട്ട് തിരിച്ചുവന്നിട്ട് അത്രയും ക്ഷീണിച്ച് രാത്രി പതിനൊന്നരയ്ക്ക് കയറി വന്ന എന്നോട് പറയുവാ, ഇളനീര് വേണം, എനിക്ക് മൂഡ് സ്വിങാണെന്ന്…അപ്പോ ആ വന്നയാളുടെ മൂഡ് എന്തായിരിക്കും എന്നാലോചിക്കലുണ്ടോ? എന്നിട്ട് ഞാൻ പോയിട്ട് ഇളനീര് വെട്ടിയിട്ട് വന്നു. നമുക്ക് സ്വിങാവാൻ പാടില്ല..കാരണം ഇത് രാവിലെ എട്ടുമണി വരെ ഈ സ്വിങിൻറെ കൂടെ ജീവിക്കേണ്ടതാണെന്നാണ് അഭിഷാദ് പറയുന്നത്.
സംഭവം വിവാദമാവുകയും അഭിഷാദ് പറയുന്നത് വിവരക്കേടാണെന്ന് വിമർശനം ഉയരുകയും ചെയ്തു. പ്രമുഖ മാനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ് ഗോപാലനും അഭിഷാദിനെതിരെ രംഗത്തെത്തി. അറിവില്ലായ്മയുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് ന്യൂജനറേഷനോട് ചെയ്യുന്ന കൊടും ചതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നുമില്ലെങ്കിൽ സ്വന്തം പേരിനോടൊപ്പം അങ്ങ് ഒരു ഗുരുവായൂർ ചേർത്തിട്ടുണ്ടല്ലോ അവിടുത്തെ ഉണ്ണിക്കണ്ണനെ അറിയാമായിരിക്കും ശ്രീകൃഷ്ണഭഗവാന്റെ പ്രസിദ്ധമായ ഗീതോപദേശം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു അതിൽ ഒന്നാം അദ്ധ്യായം 28 മുതൽ 30 വരെയുള്ള ശ്ലോകങ്ങളിൽ മഹാഭാരത യുദ്ധത്തിനു മുമ്പ് തളർന്നു നിൽക്കുന്ന അർജുനനെ ഉപദേശിക്കുന്ന ശ്രീകൃഷ്ണൻ ഉണ്ട്, അർജുനനും ഉണ്ടായിരുന്നു ബ്രോ ആ സമയം മൂഡ് സ്വിങ്ങെന്നും ഡോക്ടർ കുറിച്ചു.
Discussion about this post