ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തിയോടെ തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആവർത്തിച്ച് റഷ്യ.എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങൾ തുടരുമെന്ന് റഷ്യ വ്യക്തമാക്കി.
ഇന്ത്യൻ സർക്കാറിന്റെ നയത്തിന് അനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങൾ തുടരുമെന്നാണ് റഷ്യയുടെ പ്രസ്താവന.
രാജ്യം എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരനാണെന്നും അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും ഇന്ത്യ,വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പരിഹസിച്ചിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രസർക്കാർ പാടെ തള്ളുകയായിരുന്നു. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ച് മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി.
Discussion about this post