ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടത്തിലെത്തിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 2029 ആകുമ്പോഴേക്കും ആഭ്യന്തര പ്രതിരോധ നിർമ്മാണത്തിൽ 3 ലക്ഷം കോടി രൂപയും പ്രതിരോധ കയറ്റുമതിയിൽ 50,000 കോടി രൂപയും നേടുക എന്നതാണ് ഇപ്പോൾ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നതെന്നും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 1,000 കോടി രൂപയായിരുന്നു എന്നും പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. 2029ഓടെ ഇന്ത്യ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാസിക്കൽ വെച്ച് നടന്ന തേജസ് എംകെ 1എയുടെ ആദ്യ പറക്കലിൽ ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നൽകുന്ന സംഭാവനകളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു.
എച്ച്എഎല്ലിന്റെ തേജസ് എംകെ1എയ്ക്കുള്ള മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനും എച്ച്ടിടി-40 വിമാനങ്ങൾക്കായുള്ള രണ്ടാമത്തെ പ്രൊഡക്ഷൻ ലൈനും പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു. “നാസിക് ഒരു ചരിത്ര ഭൂമിയാണ്. ഭഗവാൻ ശിവൻ ഇവിടെ ത്രയംബകേശ്വറിന്റെ രൂപത്തിൽ വസിക്കുന്നു. ഈ ഭൂമി വിശ്വാസത്തിന്റെയും ഭക്തിയുടെയും മാത്രമല്ല, ഇപ്പോൾ സ്വാശ്രയത്വത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. എച്ച്എഎൽ രാജ്യത്തിന്റെ പ്രതിരോധ ശക്തിയെ പ്രതീകപ്പെടുത്തുന്നു. ഇപ്പോൾ എന്റെ ഹൃദയം നിറയെ സ്വാശ്രയത്വത്തിന്റെ അഭിമാനമാണ്” എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post