ഗാന്ധി നഗർ : ഗുജറാത്തിൽ മന്ത്രിസഭാ പുനസംഘടനയെ തുടർന്ന് മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ചു. തുടർന്ന് പുതിയ 25 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് 25 എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ മന്ത്രിസ്ഥാനങ്ങളിലും മാറ്റം ഉണ്ടായി.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയെയും ഗുജറാത്ത് മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ജാംനഗർ നോർത്ത് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റിവാബ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമായിരുന്നു നേടിയിരുന്നത്. സ്ത്രീ ശാക്തീകരണത്തിനായി ഏറെക്കാലമായി പ്രവർത്തിച്ചു വരുന്ന വ്യക്തിത്വമാണ് റിവാബ. ദുർബലരായ സ്ത്രീകളെ സഹായിക്കുന്ന ശ്രീ മാതൃശക്തി ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻജിഒയ്ക്ക് റിവാബ നേതൃത്വം നൽകുന്നു.
1990 നവംബർ 2 ന് രാജ്കോട്ടിൽ ആണ് റിവാബ ജനിച്ചത്. 2006 ൽ സ്വാമി വിവേകാനന്ദ വിദ്യാമന്ദിറിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ജഡേജ, 2011 ൽ ആത്മിയ കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, 2015 ൽ അഹമ്മദാബാദിലെ ജിടിയുവിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടി. 2022 ൽ ജാംനഗർ നോർത്ത് അസംബ്ലി സീറ്റിൽ നിന്നും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ഗുജറാത്ത് നിയമസഭയിൽ അംഗമായി.
Discussion about this post