ബന്ധങ്ങളുടെ ലോകത്ത് ‘റെഡ് ഫ്ലാഗ്’ — അപകട സൂചനയും, ‘ഗ്രീൻ ഫ്ലാഗ്’ — നല്ല സ്വഭാവത്തിന്റെയും പ്രതീകവുമാണ്. എന്നാൽ പുതിയ തലമുറയെന്നു വിളിക്കുന്ന ജെൻ സി (Gen Z), ഈ രണ്ടിനും ഇടയിലുള്ള ഒരു പുതിയ നിറത്തെപ്പറ്റി സംസാരിക്കുന്നു — അതാണ് ‘ബീജ് ഫ്ലാഗ്’ (Beige Flag).ഇത് റെഡോ ഗ്രീനോ അല്ല. എന്നാൽ അവരുടെ ബന്ധങ്ങളെ കൂടുതൽ യഥാർത്ഥമാക്കുന്ന നിറമാണ്.
എന്താണ് ബീജ് ഫ്ലാഗ് ?
‘റെഡ് ഫ്ലാഗ്’ ബന്ധത്തിൽ അപകടം സൂചിപ്പിക്കുന്നു; ‘ഗ്രീൻ ഫ്ലാഗ്’ നല്ല സ്വഭാവത്തെ. എന്നാൽ ‘ബീജ് ഫ്ലാഗ്’ അത്ര ഗംഭീരമല്ലാത്ത, പക്ഷേ അപകടകരവുമല്ലാത്ത സ്വഭാവസവിശേഷതകളെയാണ് സൂചിപ്പിക്കുന്നത്. എപ്പോഴും ഒരേ പാട്ട് കേൾക്കുന്നത്, ഓരോ ചായയും ഒരേ കടയിൽ നിന്നു മാത്രം കുടിക്കുന്നത്, സിനിമ കാണുമ്പോൾ എപ്പോഴും പോപ്പ്‌കോൺ അവസാനത്തിൽ മാത്രമേ കഴിക്കാറുള്ളൂ എന്നതുപോലുള്ള നിസ്സാരമായ ശീലങ്ങളാണ് ബീജ് ഫ്ലാഗുകളുടേത്. അത് ബന്ധത്തിൽ വിഷമം സൃഷ്ടിക്കുന്നതല്ല, മറിച്ച് വ്യക്തിത്വത്തിന്റെ സ്വാഭാവികതയെ മുന്നോട്ട് വയ്ക്കുന്ന രസകരമായ ഭാഗമാണ്.ഡേറ്റിങ് ആപ്പുകളിൽ സ്വഭാവത്തിലെ മികച്ച വശങ്ങൾ മാത്രം പ്രദർശിപ്പിച്ച് വ്യാജമായ ഇമേജുകൾ സൃഷ്ടിക്കുന്നവരെക്കാൾ,
തങ്ങളുടെ ചെറിയ വിചിത്രതകളെ പോലും തുറന്ന് പറയുന്നവരെയാണ് ജെൻ സി അംഗീകരിക്കുന്നത്.
“ഞാൻ അല്പം ബോറിങ് ആണെങ്കിലും സത്യസന്ധൻ,”
“ഞാൻ നിത്യവും പഴയ പ്ലേലിസ്റ്റ് മാത്രമേ കേൾക്കൂ,”
“ഞാൻ മെസേജ് റിപ്ലൈ ചെയ്യാൻ വൈകും, പക്ഷേ ഒരിക്കലും മറക്കില്ല”—
ഇങ്ങനെ സത്യസന്ധതയും സ്വാഭാവികതയും നിറഞ്ഞ ബീജ് ഫ്ലാഗുകൾ തന്നെ അവരുടെ പ്രൊഫൈലുകളിൽ അഭിമാനത്തോടെ ചേർക്കുന്നു. ഈ വിചിത്രതകൾ തന്നെ സ്നേഹത്തിന്റെ ഭാഗമാണ്.
ജെൻ സിയുടെ അഭിപ്രായത്തിൽ, ബന്ധത്തിലെ സമ്മർദ്ദവും പ്രശ്നങ്ങളും കുറയ്ക്കാനുള്ള വഴിയാണ് ബീജ് ഫ്ലാഗുകൾ പങ്കുവെക്കൽ.ഓരോ മനുഷ്യരും വ്യത്യസ്തരാണ്, ആ സത്യം അംഗീകരിക്കുന്നതു കൊണ്ട് തന്നെ ബീജ് ഫ്ലാഗുള്ള പങ്കാളികളെ മറ്റൊന്നും ചിന്തിക്കാതെ സ്നേഹത്തോടെ തന്നെ സ്വീകരിക്കുന്നവരാണ് ജെൻ സി. തങ്ങളുടെ ചെറു ശീലങ്ങൾ, വല്ലപ്പോഴും അൽപ്പം ബാലിശമായ രീതികൾ. ഇവ തുറന്ന് പറയുമ്പോൾ, ബന്ധം കൂടുതൽ സ്വതന്ത്രമാകുന്നു.“നീ എന്നെ മാറ്റേണ്ട, എന്നെ മനസ്സിലാക്കൂ.” എന്ന ആഗ്രഹമാണ് ബീജ് ഫ്ലാഗിന്റെ സന്ദേശം.പരസ്പരം ചിരിച്ചും തമാശകൾ പറഞ്ഞും ഈ വിചിത്രതകളെ അംഗീകരിക്കുമ്പോൾ, ബന്ധങ്ങൾ കൂടുതൽ സ്നേഹത്തിലാവും.
ഇത് വെറും ഡേറ്റിങ് ട്രെൻഡ് മാത്രമല്ല.മറിച്ച്, “നീ പൂർണ്ണതയുള്ളവനാകേണ്ടതില്ല, നീ യഥാർത്ഥത്തിലുള്ളതാവണം എന്നതിന്റെ ആഘോഷമാണ്.നമ്മുടെ വിചിത്ര ശീലങ്ങൾ തന്നെയാണ് നമ്മെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നത്.അതുകൊണ്ട്, ഒരാൾക്ക് ഒരേ പാട്ട് മാത്രം കേൾക്കുന്ന ശീലമുണ്ടായാലും, ഒരേ റൂട്ടീൻ പാലിക്കുന്നതായാലും,അവനെ ബീജ് ഫ്ലാഗ് എന്നു വിളിക്കാം .പക്ഷേ അത് സ്നേഹത്തോടെ, അംഗീകരിച്ചായിരിക്കണമെന്ന് മാത്രം. ബീജ് ഫ്ലാഗ് ബന്ധങ്ങളിൽ ഒരു പുതിയ ധാരണയാണ് .പൂർണ്ണതയല്ല, യാഥാർത്ഥ്യമാണ് പ്രണയത്തിന്റെ അടിസ്ഥാനം എന്ന തിരിച്ചറിവ്.വ്യത്യസ്തതകളെ മറയ്ക്കാതെ പങ്കുവെയ്ക്കുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്. അതുകൊണ്ട് തന്നെ, നിങ്ങളുടെ പങ്കാളിക്ക് ചെറിയ വിചിത്രതകൾ ഉണ്ടെങ്കിൽ അതിനെ പരിഹസിക്കരുത് .അവയാണ് അവരുടെ നിറം, അവരുടെ ബീജ് ഫ്ലാഗ്.
Discussion about this post