ക്രീസിലെത്തി ബാറ്റിംഗ് തുടങ്ങിയതിന് ശേഷം തനിക്ക് ശേഷം വരാനിരിക്കുന്ന 10 താരങ്ങളുടെയും കൂടെ ബാറ്റ് ചെയ്‌ത ഒരു കളിക്കാരനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെ ബാറ്റ് ചെയ്യാൻ ശേഷിയുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് കടന്നുവരുന്ന ആ പേര് ആരുടേതാണ്? അതെ, സാക്ഷാൽ രാഹുൽ ദ്രാവിഡ് തന്നെ.
2011 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ, രാഹുൽ ദ്രാവിഡ് തന്റെ പത്ത് ഇന്ത്യൻ സഹതാരങ്ങൾക്കൊപ്പം ബാറ്റ് ചെയ്ത സവിശേ നേട്ടത്തിന് ഉടമയായത്. ഓവലിൽ നടന്ന മത്സരത്തിൽ, ഇന്നിംഗ്സ് ഓപ്പണറായി ഇറങ്ങിയ ദ്രാവിഡ് 146 റൺസ് നേടി പുറത്താകാതെ നിന്നു, അദ്ദേഹത്തിന്റെ ഏകാഗ്രതയും കഴിവും എടുത്തുകാണിക്കുന്ന പ്രകടനം ആയിരുന്നു അത്. വിക്കറ്റുകൾ പെട്ടെന്ന് തന്നെ വീണുകൊണ്ടിരുന്നപ്പോൾ ദ്രാവിഡ് ടീമിന്റെ രക്ഷകനായി ക്രീസിൽ തന്നെ തുടർന്നു. ഒടുവിൽ അവസാന വിക്കറ്റ് വീഴുമ്പോഴേക്കും, ടീമിലെ മറ്റെല്ലാ കളിക്കാരുടെയും ബാറ്റിംഗ് പങ്കാളിയായി അദ്ദേഹം മാറിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 591 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. അപ്പോൾ തന്നെ പാതി തോറ്റ ഇന്ത്യയുടെ ഇന്നിംഗ്സ് ചടങ്ങ് മാത്രമായിരുന്നു. എന്നാൽ പെട്ടെന്ന് തോൽക്കാൻ മനസില്ലാതെ കളിച്ച ദ്രാവിഡ് ഒരറ്റത്ത് ക്രീസിൽ ഉറച്ചു. വല്ലപ്പോഴും മാത്രമാണല്ലോ ഒരു ഓപ്പണർക്ക് ഇത്തരത്തിൽ ഒരു ഗോൾഡൻ ചാൻസ് കിട്ടുക. അദ്ദേഹം മാത്രം ആദ്യാവസാനം പൊരുതി.
ഇന്ത്യൻ നിരയിലെ മറ്റെല്ലാവരും വളരെയധികം ബുദ്ധിമുട്ടിയപ്പോൾ ദ്രാവിഡിന്റെ 146 റൺസ് ടീമിന്റെ ആകെ 300 റൺസിന്റെ പകുതിയോളം ഉണ്ടായിരുന്നു. എന്തായാലും ഇന്ത്യ ഫോളോ ഓൺ ചെയ്യാൻ നിർബന്ധിതരായി, ക്ഷീണിതനായ ദ്രാവിഡിന് തന്റെ മാരത്തൺ ഇന്നിംഗ്സ് പൂർത്തിയാക്കിയ ഉടൻ തന്നെ വീണ്ടും ബാറ്റിംഗ് ആരംഭിക്കേണ്ടി വന്നു. താമസിയാതെ അദ്ദേഹം 13 റൺസിന് പുറത്തായി.
ഇന്ത്യ ഇന്നിങ്സിനും 8 റൺസിനും പരാജയപ്പെട്ട ടെസ്റ്റ് എന്തായാലും ദ്രാവിഡിന്റെ പേരിലാണ് ഓർക്കുന്നത്.
Discussion about this post