ടെൽ അവീവ് : ഹമാസിനെ പൂർണമായി നിരായുധീകരിച്ചാൽ മാത്രമേ ഗാസയിലെ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫാ ഇടനാഴി ഉടൻ തുറന്നു നൽകില്ലെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ കരാറിന്റെ
‘ഘട്ടം ബി’ എന്നറിയപ്പെടുന്ന രണ്ടാം ഘട്ടത്തിൽ ഹമാസിനെ നിരായുധീകരിക്കുന്നതാണ് ഉൾപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് പൂർണ്ണമായും നിരായുധീകരിക്കപ്പെടുകയും ഗാസ മുനമ്പിൽ നിന്ന് സൈനിക വിമുക്തമാക്കപ്പെടുകയും വേണം. അത് വിജയകരമായി പൂർത്തിയാകുമ്പോൾ യുദ്ധം അവസാനിക്കും. മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നൽകുന്നതിലും അംഗീകരിച്ച ധാരണ നടപ്പാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചു മാത്രമേ റഫാ ഇടനാഴി തുറക്കുകയുള്ളുവെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഉണ്ടായ വെടിനിർത്തൽ കരാർ പ്രകാരം, ഹമാസ് ഇതുവരെ ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഇസ്രായേലിന് കൈമാറി. ഒമ്പത് ഇസ്രായേലികളുടെയും ഒരു നേപ്പാളിയുടെയും മൃതദേഹങ്ങളും ഇസ്രായേലിന് വിട്ടു നൽകിയിട്ടുണ്ട്. ഇസ്രായേൽ ഏകദേശം 2,000 പലസ്തീൻ തടവുകാരെയും 135 പലസ്തീനികളുടെ മൃതദേഹങ്ങളും കൈമാറിയിട്ടുണ്ട്.
Discussion about this post