ലഖ്‌നൗ : അയോധ്യയിൽ വിളക്കുകൾ തെളിയുന്നത് ചിലരിൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലിയോട് അനുബന്ധിച്ച് അയോധ്യയിൽ 26 ലക്ഷത്തിലേറെ വിളക്കുകൾ തെളിയുന്ന ദീപോത്സവമാണ് നടക്കുന്നത്. ഒരിക്കൽ ഇതേ ഭൂമിയിൽ വെച്ച് രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്ക് ഇന്ന് വിളക്കുകൾ തെളിയുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ് എന്നും യോഗി വ്യക്തമാക്കി.
അയോധ്യയിൽ വിളക്കുകൾ തെളിയിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ അനാവശ്യമായി പണം ചിലവഴിക്കുകയാണെന്ന അഖിലേഷ് യാദവിന്റെ വിമർശനത്തിന് മറുപടിയായിരുന്നു യോഗി ആദിത്യനാഥിന്റെ ഈ പ്രസ്താവന. “അയോധ്യ ഇപ്പോൾ വികസനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സനാതന ധർമ്മ അനുയായികൾ ഇപ്പോൾ അയോധ്യയിലേക്ക് വരുന്നു. രാമൻ ഒരു മിഥ്യയാണെന്നായിരുന്നു ചിലർ കുറേക്കാലം പറഞ്ഞു നടന്നിരുന്നത്. ഇപ്പോൾ അവർക്ക് രാമചന്മഭൂമിയിൽ വിളക്കുകൾ തെളിയുന്നതിലാണ് അസ്വസ്ഥത ഉള്ളത്” എന്നും യോഗി അഭിപ്രായപ്പെട്ടു.
“രാമക്ഷേത്ര പ്രസ്ഥാനത്തിനിടെ, രാമജന്മഭൂമി പ്രസ്ഥാനത്തിനിടെ എല്ലാം സമാജ്‌വാദി പാർട്ടിയിലെ ആളുകൾ ഇവിടെ രാമഭക്തർക്ക് നേരെ വെടിയുതിർത്തിരുന്നു. അവർ രാമ ഭക്തരുടെ രക്തം വീഴ്ത്തിയ അതേ ഇടത്താണ് ഞങ്ങൾ വിളക്കുകൾ കത്തിക്കുന്നത്. അവർ വിശ്വാസത്തെ പൂട്ടിയിട്ട് അപമാനിച്ചു. ഞങ്ങൾ ആ വിശ്വാസത്തെ മോചിപ്പിച്ച് ആദരിക്കുന്നു. രാംലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങങ്ങിലേക്ക് ഞങ്ങൾ എല്ലാവരെയും ക്ഷണിച്ചിട്ടും അവർ വന്നില്ല. എന്നാൽ വിദേശികളായ അധിനിവേശക്കാരുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ അവർ എപ്പോഴും എത്തുന്നുണ്ട്. അയോധ്യയിലെ ഈ ദീപോത്സവം 500 വർഷത്തെ വിശ്വാസ പോരാട്ടത്തിന്റെ വിജയത്തെ പ്രതീകപ്പെടുത്തുന്നതാണ്” എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post