അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ട്രംപിന് കഴിവുണ്ടെങ്കിൽ അമേരിക്കയിൽ നടക്കുന്ന സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമേനിയുടെ പരിഹാസം. ട്രംപിന്റെ നയങ്ങൾക്കെതിരെ യുഎസിൽ 50 സംസ്ഥാനങ്ങളിലും നോ കിങ് പ്രതിഷേധം ഉയരുകയാണ്. ഈ സമരം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ പരിഹാസം.
യുഎസിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത് എന്ന് ഖമേനി ചോദിക്കുന്നു.
നേരത്തെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം ആയത്തുല്ല അലി ഖമനയി നിരസിച്ചിരുന്നു. ആണവകേന്ദ്രങ്ങൾ നശിപ്പിച്ചെന്ന പരാമർശത്തിൽ ‘ട്രംപ് സ്വപ്‌നം കണ്ടുകൊണ്ടിരിക്കട്ടെ’ എന്നാണ് ഖമേനി പറഞ്ഞിരുന്നത്. സ്വന്തമായി ആണവ വ്യവസായമുള്ള ഒരു രാജ്യത്തിന് വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്നു പറയാൻ ട്രംപിനുള്ള അവകാശത്തെയും അദ്ദേഹം ചോദ്യംചെയ്തു. താനൊരു ഇടനിലക്കാരനാണെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ നിർബന്ധപൂർവവും ഫലം മുൻകൂട്ടി നിശ്ചയിച്ചതുപോലെയുമാണ് അദ്ദേഹം വർത്തിക്കുന്നതെങ്കിൽ അതിനെ ഇടനില എന്നു പറയാനാവില്ല. മറിച്ച് അടിച്ചേൽപ്പിക്കലും ഭീഷണിപ്പെടുത്തലുമാണ് അതെന്നും ഖമേനി കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ വ്യവസായം യുഎസ് ബോംബിട്ട് നശിപ്പിച്ചു എന്നാണ് ട്രംപ് അഭിമാനത്തോടെ പറയുന്നത്. കൊള്ളാം, സ്വപ്നം കണ്ടോളൂ. ഇറാന് ആണവകേന്ദ്രങ്ങളുണ്ടോ ഇല്ലയോ എന്നതിൽ അമേരിക്കയ്ക്ക് എന്താണ് കാര്യം? ഈ ഇടപെടൽ തെറ്റും അനുചിതവുമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post