ടാറിങ് ജോലി പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് തോടായി എന്ന പരാതി തീർക്കാൻ പുതിയ പദ്ധതികളുമായി വരികയാണ് പൊതുമരാമത്ത് വകുപ്പ്. റോഡുകൾ കൂടുതൽ കാലം ഈടുനിൽക്കാനായി ടാറിങ്ങിൽ ചുണ്ണാമ്പ് ചേർത്തുള്ള പരീക്ഷണത്തിനാണ് പൊതുമരാമത്ത് വകുപ്പ് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ വഴുതക്കാട്-ജഗതി റോഡിലാണ് ടാറിങ്ങിനൊപ്പം ആദ്യം ചുണ്ണാമ്പ് ചേർക്കുക. ഇത്തരത്തിലുള്ള ആദ്യ റോഡ് നിർമ്മാണത്തിന് ടെൻഡർ നടപടികൾ ഉടനാരംഭിക്കുമെന്നാണ് വിവരം.
റോഡുകൾ മഴക്കാലത്ത് പെട്ടെന്ന് തകരുന്നതിന് കാരണം മെറ്റലിലെ അസിഡിറ്റിയാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും,കേരള സർവ്വകലാശാല ജിയോളജി വകുപ്പും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്.
ഈർപ്പ സംവേദന പഠനമനുസരിച്ച് മെറ്റലിന്റെ അസഡിക് സ്വഭാവം നിർവീര്യമാക്കാനും ബിറ്റുമിനുമായുള്ള ബന്ധം ശക്തമാക്കാനും രണ്ട് ശതമാനം ചുണ്ണാമ്പ് (ഹൈഡ്രേറ്റഡ് ലൈം) അല്ലെങ്കിൽ മൂന്ന് ശതമാനം സിമന്റ് ചേർക്കുന്നത് ഈർപ്പം മൂലമുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. പിന്നാലെ പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി എഞ്ചിനീയർമാർക്ക് ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകി.
Discussion about this post