ന്യൂഡൽഹി : എഐ ഉള്ളടക്കങ്ങളിലെ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഡീപ്ഫേക്കും തെറ്റായ വിവരങ്ങളും വ്യാപിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ എന്നിവ എഐ-ജനറേറ്റഡ് ഉള്ളടക്കങ്ങൾ വ്യക്തമായി ലേബൽ ചെയ്യണമെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്തുള്ള പുതിയ ഭേദഗതികൾക്കായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഒരു കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിർദ്ദിഷ്ട ഭേദഗതികൾ അനുസരിച്ച്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് എന്നിവ പോലുള്ള പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എഐ അല്ലെങ്കിൽ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ഏതൊരു ഉള്ളടക്കവും പ്രത്യേകമായി ലേബൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദൃശ്യ ഉള്ളടക്കത്തിന്റെ കുറഞ്ഞത് 10% ത്തിലും ഓഡിയോ ഉള്ളടക്കത്തിന്റെ ആദ്യ 10% ത്തിലും ഈ ലേബൽ ദൃശ്യമായിരിക്കണം എന്നും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും, രാഷ്ട്രീയമായി അപമാനിക്കുന്നതിനും, വഞ്ചനയ്ക്കും, ആളുകളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനും എഐ, ഡീപ്ഫേക്ക് വീഡിയോകൾ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ നീക്കം. ഉപയോക്താക്കളിൽ അവബോധം വളർത്തുക, വ്യാജ ഉള്ളടക്കം തടയുക, എഐ നവീകരണത്തിന് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
Discussion about this post