തിരുവനന്തപുരം : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന ജോർജ് മാത്യു അത്തിയാലിൽ ആണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് വച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ജോർജ് മാത്യുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
34 വർഷമായി സജീവ സിപിഐഎം പ്രവർത്തകനായിരുന്നു ജോർജ് മാത്യു അത്തിയാലിൽ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചാണ് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയിരുന്നത്. പിസി ജോർജിന്റെ കേരള ജനപക്ഷം പാർട്ടിയുടെ 2 അംഗങ്ങളുടെ പിന്തുണയോടെയാണ് ജോർജ് മാത്യു അത്തിയാലിൽ തെക്കേക്കര പഞ്ചായത്തിന്റെ പ്രസിഡന്റ് ആയിരുന്നത്.
എന്നാൽ പിസി ജോർജിന്റെ പാർട്ടിയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിച്ച സിപിഐഎം ജോർജ് മാത്യുവിനോട് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതേ തുടർന്ന് സിപിഐഎം അദ്ദേഹത്തെ പുറത്താക്കുകയും കോൺഗ്രസ് പഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരുകയും ചെയ്തെങ്കിലും കേരള ജനപക്ഷം പാർട്ടിയുടെ പിന്തുണയോടെ കഴിഞ്ഞ അഞ്ചുവർഷവും ജോർജ് മാത്യു തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തുടർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ജോർജ് മാത്യുവിനെ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും വൈസ് പ്രസിഡണ്ട് ഷോൺ ജോർജും ചേർന്ന് ബിജെപിയിലേക്ക് സ്വീകരിച്ചത്.









Discussion about this post