ഖുല നാമയിൽ മഹർ തിരികെ നൽകിയതിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തി നിയമപ്രകാരം,വിവാഹമോചന പ്രഖ്യാപനം നടത്താൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന ഒന്നാണ് ഖുല നാമ. മഹർ നൽകിയതിന് തെളിവുണ്ടെങ്കിൽ ഖല നാമയിൽ രേഖപ്പെടുത്തിയില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എംബി സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
മഹർ തിരിച്ചുനൽകുമെന്ന് ഭാര്യ വാഗ്ദാനം ചെയ്തിട്ടില്ല,ഖുലനാമയ്ക്ക് മുൻപ് മദ്ധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല എന്നാരോപിച്ചാണ് പാനൂർ സ്വദേശി ഹർജി നൽകിയത്. തലശ്ശേരി കുടുംബക്കോടതി ഉത്തരവിനെതിരെയാണ് ഹർജി. മഹറായി ഭാര്യയ്ക്ക് നൽകിയ 10 പവൻ സ്വർണം മടക്കി നൽകിയതായി ഖുല നാമയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു വാദം. എന്നാൽ മഹർ തിരികെ നൽകിയതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഖല നാമയ്ക്ക് മുൻപേ തന്നെ ഭർത്താവ് മഹർ തിരികെ കൊണ്ടുപോയെന്ന് കാണിച്ച് ഭാര്യ കുടുംബക്കോടതിയിൽ സത്യവാങ്മൂലവും മൊഴിയും നൽകിയിരുന്നു.
മഹർ മടക്കി നൽകിയെന്നോ, മടക്കി നൽകുമെന്നോ ഖുല നാമയിൽ പരാമർശിച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. എന്നാൽ കുടുംബക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മൊഴിയിലും യുവതി ഉറച്ചു നിൽക്കുന്നു. മഹർ ഭർത്താവ് എടുത്തുകൊണ്ടു പോയെന്നുള്ള യുവതിയുടെ വിശദീകരണവും സത്യവാങ്മൂലവും അന്ധമായി അംഗീകരിക്കുന്നു എന്നല്ല ഇതിനർത്ഥം. എന്നാൽ ഹർജിക്കാരൻ തെളിവ് സത്യവാങ്മൂലമോ, വിശദീകരണ പത്രികയോ നൽകിയിട്ടില്ലെന്നതു കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും മഹർ തിരികെ നൽകിയിട്ടില്ലെന്നതും സ്ഥാപിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, കുടുംബക്കോടതിയുടെ ഉത്തരവിൽ അപാകതയില്ലെന്നും വിലയിരുത്തിയാണ് ഭർത്താവിന്റെ അപ്പീൽ തള്ളിയത്.
വിവാഹമോചനത്തിന് സ്ത്രീകൾക്ക് നൽകുന്ന അവകാശമാണ് ഖുല. ഭർത്താവിന്റെ അനുമതിയില്ലാതെ വിവാഹമോചനം നേടാം. ഇതിനായി മഹർ തിരികെ നൽകുന്നുവെന്ന് രേഖപ്പെടുത്തി ഖുല നാമ നൽകിയാൽ മതി. പിന്നീട് കുടുംബക്കോടതി അംഗീകരിക്കുകയും ചെയ്യുന്നതോടെ വിവാഹമോചനം സാധുവാകും. ഇങ്ങനെയുള്ള വിവാഹമോചനത്തിൽ ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടാകില്ല.












Discussion about this post