ശനിയാഴ്ച സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ പേസർ ഹർഷിത് റാണ ബോളിങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. താരം 8.4 ഓവറിൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ടോപ് വിക്കറ്റ് ടേക്കറായ താരം ബാറ്റിംഗിലും തിളങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ കാമിയോ റോൾ ഇന്ത്യക്ക് സഹായകരമായിരുന്നു.
എന്നിരുന്നാലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) പേസർ ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് പറഞ്ഞ് അനേകം ആളുകൾ പരമ്പരക്ക് മുമ്പുതന്നെ വന്നിരുന്നു. താരത്തിന്റെ ആറ്റിറ്റ്യൂഡ് ശരിയല്ല എന്നും പറഞ്ഞാണ് ട്രോളുകൾ കൂടുതൽ വന്നത്. എന്നാൽ മികച്ച പ്രകടനം നടത്തി ഹർഷിത് അവർക്കുള്ള മറുപടി നൽകി. ഹർഷിത് ട്രോളുകളോട് വളരെ മയത്തിലാണ് പ്രതികരിക്കുന്നത് എങ്കിലും താരത്തിന് ഗംഭീർ അപായ സൂചന നൽകി എന്നാണ് റിപ്പോർട്ട്.
ഹർഷിതിന്റെ ഏകദിന ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ, തങ്ങൾ തമ്മിലുള്ള ഒരു ഫോൺ കോളിന്റെ വിശദാംശങ്ങൾ അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ ശ്രാവൺ കുമാർ വെളിപ്പെടുത്തി. സിഡ്‌നി മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ അർഷ്ദീപ് സിംഗിന് പകരം പേസർ ഇടം നേടിയത് പലരെയും അമ്പരപ്പിച്ചു. ഹർഷിതിനെ തിരഞ്ഞെടുത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ, ഗംഭീർ യുവ പേസർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ‘ നീ നല്ല പ്രകടനം നടത്തിയില്ലെങ്കിൽ ഞാൻ നിന്നെ പുറത്തിരുത്തും”
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ പരിശീലകൻ ശ്രാവൺ പറഞ്ഞു: “അവൻ എന്നെ വിളിച്ച് തന്റെ പ്രകടനത്തിലൂടെ പുറത്തെ ശബ്ദകോലാഹലങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞത്, ‘സ്വയം വിശ്വസിക്കുക’ എന്നാണ്. ചില ക്രിക്കറ്റ് താരങ്ങൾ പറയുന്നത് പോലെ ഗംഭീറിനോട് അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഗംഭീറിന് കഴിവുള്ളവരെ എങ്ങനെ തിരിച്ചറിയണമെന്ന് അറിയാം, അദ്ദേഹം അവരെ പിന്തുണയ്ക്കുന്നു. അദ്ദേഹം ധാരാളം ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചിട്ടുണ്ട്, അവർ അവരുടെ ടീമിനായി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ അദ്ദേഹം ഹർഷിതിനെ ശകാരിക്കുകയും മോശം പ്രകടനം നടത്തിയാൽ പുറത്താക്കും എന്നുമാണ് പറഞ്ഞത്.”
23 വയസ്സ് മാത്രം പ്രായമുള്ള പേസർ റാണയ്ക്ക് ഗംഭീറുമായുള്ള നല്ല ബന്ധത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. “നമുക്ക് അദ്ദേഹത്തിന് കുറച്ച് സമയം നൽകാം,” അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ കൂട്ടിച്ചേർത്തു.












Discussion about this post