ബംഗളൂരു : ആർഎസ്‌എസ് പൊതുപരിപാടികൾ നിയന്ത്രിക്കാനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ശ്രമത്തിന് വൻ തിരിച്ചടി. പൊതുസ്ഥലങ്ങളിൽ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കർണാടക സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയ ഈ നീക്കം നവംബർ 17 ന് നടക്കുന്ന അടുത്ത വാദം കേൾക്കൽ വരെ നിർത്തിവക്കുന്നതായി ഹൈക്കോടതി അറിയിച്ചു.
ഭരണഘടന അവകാശങ്ങൾ വ്യക്തമാക്കി കൊണ്ടാണ് കർണാടക ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ധാർവാഡ് ആസ്ഥാനമായുള്ള പുനശ്ചൈതന്യ സേവാ സംസ്‌ഥേ എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. നിയമപരമായ പ്രവർത്തനങ്ങളും ഒത്തുചേരലുകളും നടത്താനുള്ള സന്നദ്ധ ഗ്രൂപ്പുകളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണ് കർണാടക സർക്കാരിന്റെ നടപടി എന്നായിരുന്നു ഹർജിക്കാരൻ വാദിച്ചിരുന്നത്.
ഈ മാസം ആദ്യമാണ് കർണാടക സർക്കാർ പൊതുസ്ഥലങ്ങളിൽ സംഘടനാ പരിപാടികൾ നടത്തുന്നത് വിലക്കിക്കൊണ്ട് ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നത്. ആർഎസ്എസ് പരിപാടികൾ ആയിരുന്നു കർണാടക സർക്കാർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. സ്വകാര്യ അല്ലെങ്കിൽ സാമൂഹിക സംഘടനകൾ ഏതെങ്കിലും മീറ്റിംഗുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി സർക്കാർ സ്കൂളുകൾ, കോളേജുകൾ അല്ലെങ്കിൽ സ്ഥാപന പരിസരങ്ങൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളും വിലക്കുമായിരുന്നു കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമായ കർണാടക സർക്കാരിന്റെ ഈ ഉത്തരവിനെതിരെ രാജ്യവ്യാപകമായി രൂക്ഷ വിമർശനമായിരുന്നു ഉയർന്നിരുന്നത്.












Discussion about this post