മോസ്‌കോ : 30 വർഷങ്ങൾക്ക് ശേഷം റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പുതിയൊരു വ്യാപാര ബന്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ, തുർക്കി അടക്കമുള്ള മറ്റു മുസ്ലിം രാജ്യങ്ങളെ കൂട്ടുപിടിച്ച് ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന സമയത്താണ് റഷ്യ അഫ്ഗാനിസ്ഥാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. പുതിയ വ്യാപാര ബന്ധത്തിന്റെ തുടക്കമായി കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ കൃഷി മന്ത്രാലയം 25 ടൺ മാതളനാരങ്ങകൾ റോഡ് മാർഗം റഷ്യയിലേക്ക് അയച്ചു.
പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ടോർഗുണ്ടി തുറമുഖം വഴി അഫ്ഗാനിസ്ഥാൻ ആദ്യമായി റഷ്യയിലേക്ക് പുതിയ മാതളനാരങ്ങ കയറ്റുമതി ചെയ്തതായി അഫ്ഗാൻ സർക്കാരിന്റെ വക്താവ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. 25 മെട്രിക് ടൺ മാതളനാരങ്ങകളാണ് അഫ്ഗാനിസ്ഥാൻ റഷ്യയിലേക്ക് ആദ്യമായി കയറ്റുമതി ചെയ്തിരിക്കുന്നത്. റഷ്യൻ ഇറക്കുമതിക്കാരുമായി ദീർഘകാല വാണിജ്യ ബന്ധം സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് താലിബാൻ നിയന്ത്രണത്തിലുള്ള കൃഷി മന്ത്രാലയം വ്യക്തമാക്കി.
ഏകദേശം 25,000 ഡോളർ വിലമതിക്കുന്ന ഈ പൈലറ്റ് കയറ്റുമതി റഷ്യൻ വിപണിയിലെ ആവശ്യകതയും ലോജിസ്റ്റിക്കൽ സാധ്യതയും വിലയിരുത്താൻ ഉപയോഗിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ പഴ കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിനും പുതിയ വ്യാപാര ഇടനാഴികൾ തുറക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. പ്രാരംഭ ഘട്ടം വിജയകരമാണെങ്കിൽ, വിളവെടുപ്പ് സീസണിന്റെ അവസാനത്തോടെ 250 ടൺ വരെ കാണ്ഡഹാർ മാതളനാരങ്ങ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് അഫ്ഗാനിസ്ഥാൻ കൃഷി മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലുള്ള വാണിജ്യ അതിർത്തി അടച്ചതിനെ തുടർന്നാണ് റഷ്യയിലേക്ക് വ്യാപാരകയറ്റുമതി ആരംഭിക്കാൻ താലിബാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.












Discussion about this post