ഇസ്ലാമാബാദ് : തുർക്കിയിൽ നടന്നുവന്നിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ പരസ്യ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനെ ആക്രമിച്ചാൽ അഫ്ഗാനികൾ ഗുഹകളിൽ പോയി ഒളിക്കേണ്ടി വരുമെന്ന് ഖ്വാജ ആസിഫ് സൂചിപ്പിച്ചു. താലിബാനെ ഭൂമിയിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കുമെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുർക്കിയിലെ
ഇസ്താംബൂളിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ ഭീഷണി. സഹോദര രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഒരു സംഭാഷണത്തിനുള്ള അവസരം പാകിസ്താൻ അവർക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ അവർ ഒരു സമാധാന ശ്രമങ്ങൾക്കും തയ്യാറല്ല എന്നും ഖ്വാജ ആസിഫ് സൂചിപ്പിച്ചു.
“അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വിഷലിപ്തമായ പ്രസ്താവനകൾ അവരുടെ വിഭജിതവും വഞ്ചനാപരവുമായ മനോഭാവത്തെ വെളിപ്പെടുത്തുന്നവയാണ്. താലിബാൻ ഭരണകൂടത്തെ പൂർണ്ണമായും തുടച്ചുനീക്കാൻ പാകിസ്താൻ അവരുടെ മുഴുവൻ ആയുധശേഖരത്തിന്റെയും ഒരു ഭാഗം പോലും ഉപയോഗിക്കേണ്ടതില്ലെന്ന് ഓർക്കണം. ടോറ ബോറയിലെന്നപോലെ, മുഴുവൻ മേഖലയും വീണ്ടും അവരുടെ പലായനത്തിന് സാക്ഷ്യം വഹിക്കും” എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.









Discussion about this post