ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും ടീം ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടും, 2024-25 സാമ്പത്തിക വർഷത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) 11.3 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ (7.34 മില്യൺ ഡോളർ) നഷ്ടമാണ് തങ്ങൾക്ക് ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മീഡിയ ഡീലും ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും കാരണം വരുമാനം 49.2 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വർദ്ധിച്ചെന്നും എന്നാൽ തങ്ങൾക്ക് അതുകൊണ്ട് ഗുണമുണ്ടായില്ല എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു.
ഇന്ത്യൻ പരമ്പരയുടെ മാർക്കറ്റിംഗും ടീമുകൾക്കായുള്ള 70 ദിവസത്തെ അധിക അന്താരാഷ്ട്ര പര്യടനങ്ങളുടെ ധനസഹായവും കാരണം ചെലവിൽ വർദ്ധനവുണ്ടായി എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നത്. അതേസമയം 2019 മുതൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അക്കൗണ്ടുകൾ നഷ്ടത്തിലാണ് പോകുന്നത്. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ആഷസ് കണക്കിലെടുക്കുമ്പോൾ, അടുത്ത സാമ്പത്തിക ചക്രത്തിൽ സിഎ ചീഫ് എക്‌സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ്, പ്രതീക്ഷ പ്രകടിപ്പിക്കുന്നു. വാണിജ്യ, സ്‌പോൺസർഷിപ്പ് വരുമാനം 69 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 86 മില്യൺ ഓസ്‌ട്രേലിയൻ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
“ഇന്ത്യയ്‌ക്കെതിരായ വൈറ്റ്-ബോൾ മത്സരങ്ങളും ആഷസും വരുമ്പോൾ 2026 സാമ്പത്തിക വർഷത്തിൽ ലാഭം നൽകുമെന്ന് പ്രതീക്ഷിക്കുന്നു,” സിഎ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറ പ്രാഗ്നെൽ പറഞ്ഞു. ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ഫ്രാഞ്ചൈസികളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനുള്ള സാധ്യതയും സിഎ ചർച്ച ചെയ്യുന്നു.
തിരിച്ചടി നേരിട്ടെങ്കിലും, ആഷസും ഇന്ത്യയുടെ വൈറ്റ്-ബോൾ ടൂറും ബോർഡിനെ ലാഭത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.













Discussion about this post