ഗാന്ധി നഗർ : ഇന്ത്യ ഇന്ന് ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ച നേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമാണ് 2014 മുതൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആയി ആചരിക്കുന്നത്. 2025 ഒക്ടോബർ 31ന് സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷിക ദിനമാണ്. ഈ പ്രത്യേകത ദിനം കണക്കിലെടുത്ത് ഇന്ന് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രത്യേക സ്മരണാഞ്ജലികളും ഗ്രാൻഡ് പരേഡും നടത്തി.
രാവിലെ 8 മണിക്ക് പ്രധാനമന്ത്രി സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തി പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തി. തുടർന്ന് ഇന്ത്യയുടെ ഐക്യം, അച്ചടക്കം, സാംസ്കാരിക വൈവിധ്യം എന്നിവ ഉയർത്തിക്കാട്ടുന്ന ഏകതാ ദിവസ് സമാരോഹ് നടന്നു. റിപ്പബ്ലിക് ദിന പരേഡിന് സമാനമായ രീതിയിൽ സംഘടിപ്പിക്കുന്ന ഗ്രാൻഡ് പരേഡിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്കാരിക പരേഡുകളും ടാബ്ലോകളും ഉൾപ്പെടുന്നു. ഈ വർഷം മുതൽ എല്ലാ വർഷവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികത്തിൽ ‘ദേശീയ ഐക്യ ദിന’ ഗ്രാൻഡ് പരേഡ് സംഘടിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഇന്ന് രാവിലെ ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സമീപം നടന്ന ‘ദേശീയ ഐക്യ ദിന’ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സല്യൂട്ട് സ്വീകരിച്ചു. സായുധസേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് പരേഡിൽ ഗാർഡ് ഓഫ് ഓണർ, ഫ്ലാഗ് മാർച്ച് എന്നിവയും ഉൾപ്പെടുന്നു. വനിത ഓഫീസർമാരാണ് പരേഡിന് നേതൃത്വം നൽകിയത്. പോലീസ്, സെൻട്രൽ സായുധ പോലീസ് സേന, നാഷണൽ കേഡറ്റ് കോർപ്സ്, ബാൻഡ് സംഘങ്ങൾ എന്നിവയും ഈ ഗ്രാൻഡ് പരേഡിൽ പങ്കെടുത്തു.









Discussion about this post