നവി മുംബൈയിൽ നടന്ന വനിതാ ലോകകപ്പ് 2025 ഫൈനലിൽ ഷഫാലി വർമ്മ ഇത്രയും നന്നായി പന്തെറിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് . ബാറ്റിംഗിൽ 78 പന്തിൽ നിന്ന് 87 റൺസ് നേടിയ വർമ്മ പിന്നാലെ ബോളിംഗിലേക്ക് വന്നപ്പോൾ ഏഴ് ഓവറിൽ 36 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചു. ഓൾ റൗണ്ട് പ്രകടനത്തിന് പിന്നാലെ താരം മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിനും അർഹയായി.
ലോകകപ്പ് ഫൈനൽ പോലെ ഉയർന്ന മത്സരത്തിൽ വർമ്മ ഇത്രയും ഓവറുകൾ പന്തെറിയുമെന്ന് തങ്ങളുടെ ടീം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വോൾവാർഡ് സമ്മതിച്ചു. സ്പെല്ലിന്റെ തുടക്കത്തിൽ തന്നെ നേടിയ രണ്ട് വിക്കറ്റുകൾ, ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കിയെന്നും ഇന്ത്യയുടെ ആ നീക്കം പ്രതീക്ഷിച്ചിരുന്നില്ല എന്നും അവർ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
“അവൾ അധികം പന്തെറിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ ആ നീക്കം അപ്രതീക്ഷിതമായിരുന്നു. അവളുടെ സ്ലോ ബോളുകൾ മികച്ചത് ആയിരുന്നു, രണ്ട് നിർണായക വിക്കറ്റുകളാണ് അവർ വീഴ്ത്തിയത്. ഒരു ലോകകപ്പ് ഫൈനലിൽ, ഒരു പാർട്ട് ടൈം ബൗളർക്ക് മുന്നിൽ വിക്കറ്റ് നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ രണ്ട് വലിയ വിക്കറ്റുകൾ വീഴ്ത്താൻ അവൾക്ക് കഴിഞ്ഞത് ഞങ്ങളെ തകർത്തു. അവർക്ക് കൂടുതൽ വിക്കറ്റുകൾ നൽകാതിരിക്കാൻ ഞങ്ങൾ ജാഗ്രത പാലിക്കേണ്ടി വന്നു. അവൾ വളരെ നന്നായി പന്തെറിഞ്ഞു. ഞങ്ങളുടെ പ്ലാനിൽ ഇല്ലാതിരുന്ന വ്യക്തി ഇത്ര നന്നായി ചെയ്യുമെന്ന് കരുതിയില്ല” വോൾവാർഡ് പറഞ്ഞു.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ അർത്ഥത്തിലും ഒരു ടീം ഗെയിമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്‌മൃതി- ഷെഫാലി കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമായിരുന്നു. സ്‌മൃതി 45 റൺ നേടി മടങ്ങിയപ്പോൾ ഷെഫാലി വർമ (87), ദീപ്തി ശർമ (58), റിച്ചാ ഘോഷ് (34) ഉൾപ്പടെ എല്ലാ താരങ്ങളും മികവ് കാണിച്ചു.













Discussion about this post