ഇന്ത്യൻ മണ്ണിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത്. സൗത്താഫ്രിക്കൻ സ്പിൻ ആക്രമണത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 1999-2000 ന് ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടില്ല എന്നത് ശ്രദ്ധിക്കണം.
കേശവ് മഹാരാജ്, സെന്തുരൻ മുത്തുസ്വാമി, സൈമൺ ഹാർമർ എന്നീ സ്പിന്നര്മാരെ അവർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിൽ മൂവരും ചേർന്ന് 33 വിക്കറ്റുകൾ ആയിരുന്നു വീഴ്ത്തിയത്. ട്രിസ്റ്റൻ സ്റ്റബ്‌സിനും ബൗൾ ചെയ്യാൻ സാധിക്കും എന്നതിനാൽ തന്നെ ഇന്ത്യയെ സ്പിൻ കെണിയിൽ വീഴ്ത്താം എന്ന് തന്നെയാണ് സൗത്താഫ്രിക്ക കണക്കുകൂട്ടുന്നത്.
“ബൗളിംഗ് എപ്പോഴും ഞങ്ങളുടെ ശക്തിയാണ്. ഞങ്ങൾക്ക് നല്ല സ്പിൻ വിഭവങ്ങളുണ്ട്, ട്രിസ്റ്റൻ സ്റ്റബ്സ് കഴിവുള്ള ഒരു ഓഫ് സ്പിന്നറാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ എന്തെങ്കിലും നൽകാൻ കഴിയും. നിങ്ങൾക്ക് 20 വിക്കറ്റുകൾ നേടാൻ കഴിയുന്ന ബൗളർമാരെ വേണം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, പിച്ചുകൾ സ്പിന്നിന് അനുകൂലമാണെങ്കിൽ, ഞങ്ങൾക്ക് പ്രകടനം നടത്താൻ കഴിയുന്ന ബൗളർമാരുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ചരിത്രം സൃഷ്ടിക്കാൻ തന്റെ കളിക്കാർക്ക് വലിയ സാധ്യതയുണ്ടെന്ന് ബവുമ പരാമർശിച്ചു. “വളരെക്കാലമായി ഞങ്ങൾ ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ഇത്തവണ ഒരു സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങളുടെ പിന്നിൽ ഒരു വലിയ ലക്ഷ്യമുണ്ട്.”
രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ആർ അശ്വിൻ എന്നിവർ വിരമിച്ചിട്ടും, ഇന്ത്യയ്ക്ക് പ്രകടനം നടത്താൻ കഴിയുന്ന യുവതാരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.”ഇന്ത്യയിൽ കളിക്കുന്നത് എളുപ്പമല്ല, അവർക്ക് കഴിവുണ്ട്. ഏത് താരം പോയാലും അവർക്ക് പകരത്തിനു പകരം ഇന്ത്യക്ക് ഇന്ന് താരങ്ങളുണ്ട്” അദ്ദേഹം ഉപസംഹരിച്ചു.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നവംബർ 14 ന് ആരംഭിക്കും.













Discussion about this post