ഓസ്‌ട്രേലിക്കെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ തുടക്കത്തിലെവമ്പനടിക്ക് ശേഷം പിന്നെ തകർന്ന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 167 റൺസ് മാത്രം. 39 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഭിഷേക് ശർമ 28 റൺസടിച്ചപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 20ഉം ശിവം ദുബെ 22ഉം റൺസെടുത്തു. ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന ഓസ്ട്രേലിയ എളുപ്പത്തിൽ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്‌ടൺ സുന്ദറിന്റെയും രണ്ട് വീതം വിക്കറ്റുകൾ നേടിയ ശിവം ദുബെയുടെയും അക്‌സർ പട്ടേലിന്റെയും മികവിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ചുരുട്ടികെട്ടുക ആയിരുന്നു. തന്റെ ഓൾ റൗണ്ട് പ്രകടനത്തിന് അക്‌സർ പട്ടേലാണ് കളിയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഇന്നും മികച്ച തുടക്കം തന്നെയാണ് ഓപ്പണിങ് വിക്കറ്റിൽ കിട്ടിയത്. ഗില്ലും അഭിഷേകും ചേർന്ന് ആദ്യ വിക്കറ്റിൽ ചേർത്തത് 56 റൺസ്. അഭിഷേക് പുറത്തായതിന് ശേഷം ക്രീസിലെത്തിയത് ശിവം ദുബൈ. താരം തുടക്കത്തിലെ ബുദ്ധിമുട്ടുകൾക്ക് ശേഷം നന്നായി കളിക്കാൻ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് കടക്കുന്നതിന് മുമ്പ് ദുബൈ വീണു. പരമ്പരയിൽ ആദ്യമായി ഉത്തരവാദിത്വം കാണിച്ച ഗിൽ, സൂര്യകുമാറുമൊത്ത് മികച്ച കൂട്ടുകെട്ട് ചേർക്കും എന്ന് തോന്നിച്ച സമയത്ത് ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി തുടങ്ങി. നാഥൻ എല്ലിസിന്റെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ ഉത്തരമില്ലതെ പോയ ഇന്ത്യയുടെ സ്കോറിങ് റേറ്റും ഇടക്ക് കുറഞ്ഞു.
ഗില്ലിനെ(39 പന്തിൽ 46) മടക്കിയ നഥാൻ എല്ലിസ് ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചു. പിന്നാലെ സൂര്യകുമാർ യാദവിനെ(10 പന്തിൽ 20) സേവിയർ ബാർട്‌ലെറ്റും തിലക് വർമയെയും(5), ജിതേഷ് ശർമയെയും(3) ആദം സാംപയും മടക്കിയതോടെ ഇന്ത്യ 121-2ൽ നിന്ന് 136-6ലേക്ക് കൂപ്പുകുത്തി. പിന്നെ അക്‌സർ പട്ടേൽ 21 ന്റെയും വാഷിംഗ്‌ടൺ സുന്ദർ ( 12 ) ചേർന്നാണ് ഇന്ത്യയെ 160 കടത്തിയത്. ഓസ്‌ട്രേലിക്കായി നാലോവറിൽ 21 റൺ വഴങ്ങി 3 വിക്കറ്റ് നേടിയ എല്ലിസ് മികവ് കാണിച്ചപ്പോൾ 3 വിക്കറ്റുകൾ നേടിയ ആദം സാംബ പക്ഷെ അതിനായി 45 റൺസാണ് വഴങ്ങിയത്.
പതിവുപോലെ തന്നെ ഓസ്‌ട്രേലിയക്കും ഓപ്പണിങ് വിക്കറ്റിൽ മികച്ച തുടക്കമാണ് കിട്ടിയത്. മിച്ചൽ മാർഷ്- മാറ്റ് ഷോർട്ട് സഖ്യം നൽകി. ബുംറയെ കരുതലോടെ നേരിട്ട സഖ്യം അർശ്ദീപ് സിങിനെ ആക്രമിച്ചു. എന്നാൽ പവർ പ്ലേയിൽ തന്നെ വരുൺ ചക്രവർത്തിക്ക് പിന്നാലെ അക്‌സർ പട്ടേലിനെ കൊണ്ടുവന്ന സൂര്യകുമാറിന്റെ തീരുമാനം മികച്ചതായിരുന്നു. ഓസ്‌ട്രേലിയൻ സ്കോർ 37 ൽ നിൽക്കെ മാത്യു ഷോർട്ടിനെയും ശേഷം 67 ൽ നിൽക്കെ ജോഷ് ഇന്ഗ്ലീസിനെയും മടക്കിയ അക്‌സർ ആയിരുന്നു ഇന്നത്തെ താരമായത്.
ഈ 2 വിക്കറ്റുകൾ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കി. അതിനിടയിൽ കിട്ടിയ ജോലി ഭംഗിയാക്കിയ ശിവം ദുബൈയും 2 വിക്കറ്റുകൾ നേടിയതോടെ ഓസ്ട്രേലിയ തകർന്നു. കളിയുടെ അവസാനം പന്തെറിയാനുള്ള അവസരം കിട്ടിയ വാഷിംഗ്ട്ടന്റെ മൂന്ന് വിക്കറ്റ് കൂടിയായതോടെ ഇന്ത്യൻ ജയം പൂർണം. ഓസ്‌ട്രേലിയ്ക്കായി 30 റൺസ് നേടിയ മിച്ചൽ മാർഷ് ആയിരുന്നു ടോപ് സ്‌കോറർ എന്ന് പറയുന്നതിലൂടെ ഇന്ത്യൻ ബോളർമാർ കാണിച്ച ആധിപത്യം. ബുംറ, വരുൺ, അർശ്ദീപ് എന്നിവർ ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്.













Discussion about this post