ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് നേരെ ശബ്ദമുയർത്തി നടി ഗൗരി കിഷൻ. തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെയാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നുവെന്ന് താരം ചോദിച്ചു. ഇതോടെ യൂട്യൂബേർസ് നടിക്ക് നേരെ തിരിയുകയായിരുന്നു. എന്നാൽ, ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടിയെ പിന്തുണയ്ക്കാതിരുന്നത് വിമർശിക്കപ്പെടുന്നുണ്ട്.
എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങൾക്കെന്താണ് ഇപ്പോൾ, അതും സിനിമയുമായി എന്താണ് ബന്ധം എന്ന് നടി ചോദിച്ചു നിങ്ങൾ ചെയ്യുന്നത് എന്താണോ അത് ജേർണലിസമേ അല്ല എന്ന് നടി ഓർമ്മിപ്പിക്കുകയും ചെയ്തു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്‌ലോഗർ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവർത്തിച്ചു.
ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബർ മറുപടി നൽകി. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്‌ലോഗർ ചോദിച്ചു. തൻറെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി പറഞ്ഞു.
പുരുഷന്മാരാൽ നിറഞ്ഞൊരു മുറിയിൽ നിശബ്ദയാക്കാൻ ശ്രമിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്താൽ മിണ്ടാതിരിക്കുമെന്ന് കരുതിയോ എന്നാണ് തന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് ഗൗരി ചോദിക്കുന്നത്. എങ്കിൽ അങ്ങനെ സംഭവിക്കാൻ പോകുന്നില്ലെന്നും താരം പറയുന്നു. എനിക്ക് വണ്ണമുണ്ടെങ്കിൽ തന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം? തമിഴ് സിനിമയിലെ നായികമാരെല്ലാം മെലിഞ്ഞിരിക്കണമെന്ന് വല്ല നിയമവും ഉണ്ടോ എന്നും ഗൗരി തിരിച്ചടിച്ചു









Discussion about this post