ഇന്ത്യയുടെ ദേശീയ ഗീതം ‘വന്ദേമാതര’ത്തിന്റെ 150ാം വാർഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തെ 150 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.
ഇതിനിടെ, രാജ്യത്തിന്റെ ദേശീയഗീതത്തെ കോൺഗ്രസ് എങ്ങനെ വളച്ചൊടിച്ചുവെന്ന് ഓർമ്മപ്പെടുത്തുകയാണ് ബിജെപി. 1937 ൽ നെഹ്രുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് വന്ദേമാതരത്തിന്റെ ഒരു ചെറിയ പതിപ്പ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും ദുർഗാ ദേവിയെ സ്തുതിക്കുന്ന ശ്ലോകങ്ങൾ മനഃപൂർവ്വം നീക്കം ചെയ്തിട്ടുണ്ടെന്നും ബിജെപി ദേശീയ വക്താവ് സിആർ കേശവൻ ആരോപിച്ചു.
തന്റെ എക്‌സ് പോസ്റ്റിൽ കേശവൻ നെഹ്റുവിനെ വിമർശിക്കുകയും 1937 സെപ്റ്റംബറിലും ഒക്ടോബറിലും നേതാജി സുഭാഷ് ബോസിന് എഴുതിയ കത്തുകൾ പങ്കുവെക്കുകയും ചെയ്തു. ‘വന്ദേമാതരത്തിന്റെ പശ്ചാത്തലം മുസ്ലീങ്ങളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു.ഹിന്ദു ദേവതയായ ദുർഗ്ഗയെ സ്തുതിക്കുന്ന ഗാനത്തിലെ ചില ഭാഗങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചായിരുന്നു പരാമർശം.
കോൺഗ്രസ് തങ്ങളുടെ വർഗീയ അജണ്ടയ്ക്ക് വഴങ്ങി എങ്ങനെയാണ് ഫൈസ്പൂർ സമ്മേളനത്തിൽ വന്ദേമാതരം ചുരുക്കി സ്വീകരിച്ചതെന്ന് യുവതലമുറ അറിയേണ്ടത് അത്യാവശ്യമാണ്. മഹത്തായ വന്ദേമാതരം നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശബ്ദമായി മാറി, നമ്മുടെ മാതൃരാജ്യത്തെ ആഘോഷിക്കുകയും ദേശീയബോധം വളർത്തുകയും ദേശസ്നേഹം വളർത്തുകയും ചെയ്തു. എന്നാൽ കോൺഗ്രസ് ആ ഗാനത്തെ മതവുമായി ബന്ധിപ്പിക്കുക എന്ന ചരിത്രപരമായ പാപവും മണ്ടത്തരവും ചെയ്തു. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വന്ദേമാതരത്തിലെ ദേവിയെ സ്തുതിക്കുന്ന ശ്ലോകങ്ങൾ മനഃപൂർവ്വം നീക്കം ചെയ്തു.
1937 സെപ്റ്റംബർ 1-ന് എഴുതിയ ഒരു കത്തിൽ, വന്ദേമാതരത്തിലെ വാക്കുകൾ ഒരു ദേവതയുമായി ബന്ധപ്പെട്ടതായി കരുതുന്ന ആരും അസംബന്ധമാണെന്ന് നെഹ്റു പകയോടെ എഴുതുന്നു. വന്ദേമാതരം ദേശീയ ഗാനമായി അനുയോജ്യമല്ലെന്നും അദ്ദേഹം പരിഹാസപൂർവ്വം അഭിപ്രായപ്പെടുന്നു. വന്ദേമാതരത്തിന്റെ പൂർണ്ണമായ യഥാർത്ഥ പതിപ്പിനായി നേതാജി സുഭാഷ് ബോസ് ശക്തമായി വാദിച്ചിരുന്നു. 1937 ഒക്ടോബർ 20-ന് വന്ദേമാതരത്തിന്റെ പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് നെഹ്രു നേതാജി ബോസിന് കത്തെഴുതിയെന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
നെഹ്‌റുവിന്റെ “ഹിന്ദു വിരുദ്ധ മാനസികാവസ്ഥ” പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിൽ പ്രതിധ്വനിക്കുന്നുവെന്ന് കേശവൻ ആരോപിച്ചു.നെഹ്‌റുവിന്റെ ഹിന്ദു വിരോധി മാനസികാവസ്ഥ രാഹുൽ ഗാന്ധിയിൽ ശക്തമായി പ്രതിധ്വനിക്കുന്നു, അദ്ദേഹം അടുത്തിടെ പവിത്രമായ ചത് പൂജയെ ഒരു നാടകമായി അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു, കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി കൂട്ടിച്ചേർത്തു.
ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് വന്ദേമാതരം എഴുതിയത്. 1875 നവംബർ 7 ന് ബംഗദർശൻ എന്ന സാഹിത്യ ജേണലിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. കമലാകാന്തൻ എന്ന തൂലികാനാമത്തിലും രചനകൾ നിർവഹിച്ചിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി 1894 ൽ 55ാം വയസ്സിൽ അന്തരിച്ചു. 2 വർഷത്തിനു ശേഷം 1896 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണു രബീന്ദ്രനാഥ് ടഗോർ സ്വന്തം ഈണത്തിൽ വന്ദേമാതരം ആലപിച്ചത്. തുടർന്ന് സ്വാതന്ത്ര്യ സമര കാലത്ത് വന്ദേമാതരം എന്ന ഗീതം വലിയ പ്രചാരം നേടി. കേവലം ഗാനം എന്നതിന് അപ്പുറത്തേക്ക് മുദ്രാവാക്യമായി വളരുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം ആലപിക്കുന്നത് നിരോധിക്കുകയായിരുന്നു.









Discussion about this post