വിരാട് കോഹ്‌ലിയെ ‘എക്കാലത്തെയും മികച്ച ഏകദിന കളിക്കാരൻ’ എന്നും ‘ വല്ലപ്പോഴും മാത്രം ഒരു തലമുറയിൽ പിറവിയെടുക്കുന്ന ഇതിഹാസം’ എന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ പ്രശംസിച്ചു. ആധുനിക ബാറ്റിംഗിനെ പുനർനിർവചിച്ച കോഹ്‌ലി ഏകദിന ഫോർമാറ്റിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു എന്നും വോ പറയുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്കോററും 8,000 മുതൽ 13,000 റൺസ് വരെയുള്ള നാഴികക്കല്ല് വേഗത്തിൽ നേടിയ കളിക്കാരനുമാണ് താരം. ഇത് കൂടാതെ ഫോർമാറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരവും കോഹ്‌ലി തന്നെ.
വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ, കോഹ്‌ലിയുടെ സ്ഥിരതയെയും റൺസിനോടുള്ള ദാഹത്തെയും പ്രശംസിച്ചു, അദ്ദേഹത്തെ “എക്കാലത്തെയും മികച്ച ഏകദിന കളിക്കാരൻ” എന്ന് വിളിച്ചു. “വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. ലോകകപ്പിലൊക്കെ ആരാധകർക്ക് അവർ എല്ലാ മത്സരങ്ങളും കളിക്കുന്നത് കാണാനാകും ഇഷ്ടം. പക്ഷേ അവർക്ക് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയില്ല,” വോ പറഞ്ഞു.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ, 81 പന്തിൽ നിന്ന് 74 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്‌ലി ഇന്ത്യയുടെ വിജയത്തിൽ തിളങ്ങിയിരുന്നു. 237 റൺസ് പിന്തുടരുന്നതിനിടയിൽ ടീമിനെ ഒമ്പത് വിക്കറ്റിന്റെ സുഖകരമായ വിജയത്തിലേക്ക് രോഹിത് ശർമ്മ – വിരാട് കോഹ്‌ലി കൂട്ടുകെട്ടാണ് നയിച്ചത്. 125 പന്തിൽ നിന്ന് 121 റൺസ് നേടി രോഹിത് പരമ്പരയുടെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.
ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം, കോഹ്‌ലിയും രോഹിതും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചു.













Discussion about this post