ഇന്തോനേഷ്യയിലെ പള്ളിയിൽ സ്ഫോടനം.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 50 ലധികം പേർക്ക് പരിക്കേറ്റു. ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ ഒരു സ്കൂൾ കാമ്പസിനുള്ളിലെ പള്ളിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് സ്ഫോടനം ഉണ്ടായത്.
വെള്ളിയാഴ്ച പ്രാർത്ഥന നടക്കുമ്പോൾ പള്ളിയുടെ പിൻഭാഗത്ത് നിന്ന് വലിയ ശബ്ദം കേൾക്കുകയായിരുന്നു. പുക പടർന്നതോടെ വിശ്വാസികൾ ഭയന്നോടി. തിക്കിലും തിരക്കിലും പെട്ട് പലരും അപകടത്തിൽപ്പെട്ടു.”പ്രാർത്ഥന തുടങ്ങിയ ഉടനെ പെട്ടെന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായി. മുറിയിൽ പുക നിറഞ്ഞു. കുട്ടികൾ കരഞ്ഞും നിലവിളിച്ചും പുറത്തേക്ക് ഓടി, ചിലർ താഴെ വീണു.” ദൃക്‌സാക്ഷികൾ പറയുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ കുറഞ്ഞത് 54 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയുള്ള ഗ്ലാസ് കഷ്ണങ്ങൾ ശരീരത്തിലേക്ക് തുളച്ചുകയറി പരിക്കേറ്റവരാണ് ഭൂരിഭാഗവും. സ്കൂൾ കോമ്പൌണ്ടായതിനാൽ തന്നെ സുരക്ഷാ സേനയും – നാവികസേനയും പോലീസും സംഭവസ്ഥലത്തേക്ക് വേഗത്തിൽ എത്തി.
സംഭവത്തിൽ പോലീസും ബോംബ് സ്ക്വാഡും സംയുക്ത തിരച്ചിലും ഫോറൻസിക് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ നിർമ്മിച്ച ബോംബ്, റിമോട്ട് കൺട്രോൾ, എയർസോഫ്റ്റ് തോക്ക്, റിവോൾവർ തരം ആയുധം എന്നിവയുമായി പൊരുത്തപ്പെടുന്ന സംശയാസ്പദമായ വസ്തുക്കൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിടുക്കപ്പെട്ട് നിഗമനങ്ങളിൽ എത്തിച്ചേരാനാവില്ലെന്നാണ് പോലീസ് പറയുന്നത്. കിംവദന്തികളിൽ നിന്ന് വിട്ടുനിൽക്കാനും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കാനും പൊതുജനങ്ങളോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.













Discussion about this post