കോൺഗ്രസിൻറെ കുടുംബാധിപത്യത്തെ തുറന്ന് കാട്ടി ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. വിശദമായ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാധാകൃഷ്ണൻ കോൺഗ്രസിൻറെ കുടുംബാധിപത്യത്തെ വലിച്ചുകീറുന്നത്. കുടുംബാധിപത്യത്തെ തുറന്നുകാട്ടിയ ശശിതരൂരിനെ നെഹ്റു കുടുംബ വാഴ്ചയുടെ വൈതാളികർ വിമർശിക്കാൻ മത്സരിക്കുന്നുവെന്ന് രാധാകൃഷ്ണൻ പരിഹസിക്കുന്നു. അക്കൂട്ടത്തിൽ തലമൂത്ത നേതാക്കളും മൂപ്പെത്താത്തവരും ഉണ്ട്. അവരെല്ലാം ആ കുടുംബ വാഴ്ചയുടെ ഗുണഭോക്താക്കളാണ്. ആ കമ്പനി പൂട്ടിയാൽ അനാഥരും തൊഴിൽ രഹിതരുമാകുന്നവരാണ് അവർ. സ്വന്തം തൊഴിൽ സംരക്ഷിക്കാൻ ഏത് ഇന്ത്യൻ പൗരനും അവകാശമുണ്ടെന്നും രാധാകൃഷ്ണൻ പരിഹസിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം;
നെഹ്റു കുടുംബ വംശാധിപത്യം: അടിമുടി വ്യാജം; ജനാധിപത്യ വിരുദ്ധം
കുടുംബാധിപത്യം ജനാധിപത്യ വിരുദ്ധമാണെന്ന് വൈകിയാണെങ്കിലും ശശി തരൂരിന് ബോധ്യമായി. ഈ ബോദ്ധ്യം അദ്ദേഹം ലേഖനമായി എഴുതുകയും ചെയ്തു. നെഹ്റു കുടുംബ വാഴ്ചയുടെ വൈതാളികർ ഇതിൻ്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കാൻ മത്സരിക്കുന്നു. അക്കൂട്ടത്തിൽ തലമൂത്ത നേതാക്കളും മൂപ്പെത്താത്തവരും ഉണ്ട്. അവരെല്ലാം ആ കുടുംബ വാഴ്ചയുടെ ഗുണഭോക്താക്കളാണ്. ആ കമ്പനി പൂട്ടിയാൽ അനാഥരും തൊഴിൽ രഹിതരുമാകുന്നവരാണ് അവർ. സ്വന്തം തൊഴിൽ സംരക്ഷിക്കാൻഏത് ഇന്ത്യൻ പൗരനും അവകാശമുണ്ട്.
നെഹ്‌റു സ്ഥാനമാനങ്ങൾ കൈവശപ്പെടുത്തിയിരുന്നത് ജനാധിപത്യ മാർഗ്ഗത്തിലൂടെ അല്ല എന്നതാണ് വസ്തുത.
തൻ്റെ മകൻ ജവഹരിലാലിനെ എ ഐ സി സിയുടെ പ്രസിഡണ്ടായി വാഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
1924 മുതൽ മോത്തിലാൽ, ഗാന്ധിജിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഗാന്ധിജി അതിന് ആദ്യം വഴങ്ങിയില്ല. പക്ഷേ, മോത്തിലാൽ വിട്ടില്ല. താൻ കോൺഗ്രസ്സിനു വേണ്ടി പണം ചെലവാക്കുന്നത് തൻ്റെ മകനെ നേതാവാക്കാൻ വേണ്ടിയാണെന്ന് മോത്തിലാൽ തുറന്നു തന്നെ ഗാന്ധിയോടു പറഞ്ഞു.
ജവഹരിലാൽ ഹാരോ സ്കൂളിൽ ചേരുന്നത് തൻ്റെ 15-ാം വയസ്സിലാണ്.1905 മുതൽ1907 വരെ ജവഹർ ഹാരോവിൽ പഠിച്ചു. അതിനു ശേഷം ട്രിനിറ്റി കോളേജിൽ പ്രവേശനം നേടി. പിതാവിൻ്റേയും പുത്രൻ്റേയും പരിശുദ്ധാത്മാവിൻ്റേയും പേരിലാണ് ആ കോളേജ് സ്ഥാപിക്കപ്പെട്ടത്. ഹാരോവിൽ പഠിച്ചുകൊണ്ടിരുന്ന മകന് മോത്തിലാൽ എഴുതിയ കത്തുകളിൽ ഒന്ന്, ചരിത്രകാരൻ രാമചന്ദ്രഗുഹ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കത്തിൽ മോത്തിലാൽ എഴുതി:
“അല്പം പോലും പൊങ്ങച്ചമില്ലാതെ എനിക്ക് പറയാൻ കഴിയും നെഹ്റു കുടുംബത്തിൻ്റെ സ്ഥാപകൻ ഞാനാണെന്ന്. ഞാൻ സ്ഥാപിച്ച അടിത്തറയിൽ മനോഹര സൗധം പണിതുയർത്തി നെഹ്റു കുടുംബത്തിൻ്റെ യശസ്സ് ആകാശത്തിന് അപ്പുറത്തേയ്ക്കും
ഉയർത്താനുള്ള ഉത്തരവാദിത്വം, മകനെ, ഞാൻ നിന്നെ ഏല്പിക്കുന്നു.” പിതാവിൻ്റെ ആഗ്രഹം പുത്രൻ സഫലമാക്കി;
പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ. നെഹ്റു കുടുംബത്തിൻ്റെ പാണന്മാർ പാടി നടന്ന ചരിത്രം മോത്തിലാലിൽ തുടങ്ങാനുള്ള കാരണവും ഇതാണ്. മോത്തിലാലിൻ്റെ അച്ഛൻ്റെ പേരു പോലും ആരും പുറത്തു പറഞ്ഞിരുന്നില്ല. അത്രയ്ക്ക് അനുസരണ ശീലം അക്കാലത്തെ ചരിത്രകാരന്മാർക്കുണ്ടായിരുന്നു. പോലീസുകാരനായ ഒരു ഗംഗാറമാണ് മോത്തിലാലിൻ്റെ അച്ഛൻ എന്നു വെളിവാക്കിയത്, എൻ്റെ അറിവിൽ, ഒ വി വിജയൻ കലാകൗമുദിയിൽ എഴുതിയ ഒരു ലേഖനത്തിലാണ്.
പിതാവായ നെഹ്റു കുടുംബ സൗധ നിർമ്മാണത്തിനു വേണ്ടി കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. 1927ൽ പുത്രനായ നെഹ്റുവിനെ എ ഐ സി സി പ്രസിഡൻ്റ് ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിതാവായ നെഹ്റു ഗാന്ധിയിൽ കനത്ത സമ്മർദ്ദം ചെലുത്തി. പക്ഷേ, ഗാന്ധി ആദ്യം വഴങ്ങിയില്ല. ഒരു പ്രവിശ്യയിൽ നിന്നുള്ള എ ഐ സി സി അംഗവും പുത്രനായ നെഹ്റുവിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിച്ചില്ല. എല്ലാവരും ആവശ്യപ്പെട്ടത് സർദാർ പട്ടേലിനെ എ ഐ സി സി പ്രസിഡൻ്റ് ആക്കണമെന്നാണ്. എന്നാൽ പട്ടേലിൻ്റെ സേവനം താൻ വിട്ടുതരില്ല എന്ന് ഗാന്ധി കട്ടായം പറഞ്ഞു.
ബർദൗളി കർഷക സമരത്തിൻ്റെ നായകനായിരുന്നു പട്ടേൽ. സമരം നയിക്കുന്നതിലല്ല വാചകമടിയിലായിരുന്നു
പുത്രനായ നെഹ്രു കഴിവ് തെളിയിച്ചത്. ഒടുവിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ അന്നത്തെ ഹൈക്കമാൻ്റായ ഗാന്ധിയെ എ ഐ സി സി ചുമതലപ്പെടുത്തി. അപ്പോൾ പിതാവായ നെഹ്രു ഭീഷണി മുഴക്കി ഗാന്ധിയെ സമ്മർദ്ദത്തിലാക്കി. പിതാവായ നെഹ്റുവിന് ഗാന്ധിയോട് കാര്യമായ ബഹുമാനം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗാന്ധിയുടെ കാലം കഴിഞ്ഞു എന്നും ഇന്ത്യയെ ഒരുമിപ്പിച്ച നിർത്താൻ ഗാന്ധിക്ക് കഴിയില്ല എന്നും കാണിച്ചു കൊണ്ട് 1924ൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠനത്തിൽ പിതാവായ നെഹ്റുവിൻ്റെ അഭിപ്രായം അവർ ഉദ്ധരിക്കുകയും ചെയ്തിരുന്നു.
പുത്രനായ നെഹ്രുവിനെ അദ്ധ്യക്ഷനാക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ വിസമ്മതിച്ചു. അങ്ങനെ, ഒരു ഒത്തുതീർപ്പ്
സ്ഥാനാർത്ഥിയായി പിതാവായ നെഹ്റു 1928 ൽ എ ഐ സി സി പ്രസിഡൻ്റ് ആയി. ഇതുകൊണ്ടും പിതാവായ നെഹ്റു അടങ്ങിയില്ല. മകനെ പ്രസിഡണ്ടാക്കാനുള്ള നീക്കം കരുതലുള്ള ആ പിതാവ് അന്നു തന്നെ തുടങ്ങി. തനിക്ക് പ്രവർത്തിക്കാനായി വിശ്വസ്ഥനായ സെക്രട്ടറി വേണമെന്ന് ആവശ്യപ്പെട്ട പിതാവായ നെഹ്റു പുത്രനായ നെഹ്റുവിനെ ശമ്പളത്തോടുകൂടി ആസ്ഥാനത്ത് നിയമിച്ചു. കോൺഗ്രസിൻ്റെ ചരിത്രത്തിൽ പണം പറ്റി പണിയെടുത്ത ആദ്യത്തെ ജനറൽ സെക്രട്ടറിയാണ് പുത്രനായ നെഹ്റു. തുടർന്ന് പിതാവായ നെഹ്റു രാജിവെക്കുകയും പുത്രൻ ആ സ്ഥാനത്തു വരികയും ചെയ്തു. ഇതിനിടയിലും രാജ്യത്തിന് വേണ്ടി സമ്പത്തും ജീവനും ബലിയർപ്പിക്കാൻപുത്രനായ നെഹ്റു ചെറുപ്പക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുമിരുന്നു. പൊതുജീവിതത്തിൽ വാക്കും കർമ്മവും തമ്മിൽ ബന്ധം വേണ്ട എന്ന രീതിയുടെ മികവുറ്റ ഉദാഹരണം കൂടിയാണ് ഇത്.
തൻ്റെ ഇംഗിതം നടപ്പാക്കാൻ ഗാന്ധി വിസമ്മതിക്കുന്നു
എന്ന് തോന്നിയപ്പോൾ പിതാവായ നെഹ്റുവിനെ പോലെ
പുത്രനായ നെഹ്രുവും ഗാന്ധിക്ക് എതിരായി. സത്യം, അഹിംസ, ഹിന്ദു – മുസ്ലിം മൈത്രി, ഖാദി, ചർക്ക, ഗ്രാമീണ കുടിൽ വ്യവസായ സംരംഭം എന്നിവയിൽ ഒന്നും തനിക്ക് വിശ്വാസമില്ലെന്ന് പുത്രനായ നെഹ്റു 11/1 /1928ൽ ഒരു കത്തിലൂടെ ഗാന്ധിയെ എഴുതി അറിയിച്ചു. 17/1/1928ൽ തനിക്ക് വിശ്വസ്ഥനായ ഒരു സുഹൃത്തിനേയും ഊർജ്ജസ്വലനായ സഹപ്രവർത്തകനേയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വിലാപ സ്വരത്തിൽ ഗാന്ധി മറുപടിയും എഴുതി. സത്യത്തിലും അഹിംസയിലും താൻ വിശ്വാസിക്കുന്നില്ല എന്ന് ഏറ്റുപറഞ്ഞ ഒരാളെ ഗാന്ധിയുടെ വിശ്വസ്ഥ സേവകനും അനുയായിയുമാണെന്നു വിദ്യാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ച നെഹ്റു പാണവംശ ചരിത്രകാരന്മാർ മാപ്പർഹിക്കുന്നില്ല. നിഷ്കളങ്കരായ വിദ്യാർത്ഥികളോട് ആവർത്തിച്ചു നുണപറഞ്ഞതിന് ഈ ചത്രകാരന്മാർക്ക് പട്ടും വളയും കിട്ടിയിരിക്കും.
ഇടക്കാല സർക്കാരിൽ പുത്രനായ നെഹ്രു പ്രധാനമന്ത്രിയായയതും വളഞ്ഞ വഴിയിലൂടെ ആണ്. അന്നത്തെ 15 പ്രവിശ്വാ പ്രസിഡണ്ടുമാരിൽ 13 പേരും സർദാർ വല്ലഭായ് പട്ടേലിൻ്റെ പേരാണ് നിർദ്ദേശിച്ചത്. ഒരാളും പുത്രനായ നെഹ്റുവിൻ്റെ പേര് നിർദ്ദേശിച്ചിട്ടില്ല. പതിവ് അനുസരിച്ച് പ്രധാനമന്ത്രിയെ നിശ്ചയിക്കാനും
ഹൈക്കമാൻ്റായ ഗാന്ധിയെ ചുമതലപ്പെടുത്തി. നെഹ്‌റു സമ്മർദ്ദ തന്ത്രം പ്രയോഗിച്ചു. ഗാന്ധി വഴങ്ങി. നെഹ്റു ഇടക്കാല സർക്കാരിൽ പ്രധാനമന്ത്രിയായി. അക്കാലത്ത് അദ്ദേഹത്തെക്കാൾ കർമ്മശേഷിയുള്ള പ്രവർത്തന മികവുള്ള ത്യാഗസുരഭിലമായ ജീവിതമുള്ള എല്ലാവരോടും പുത്രനായ നെഹ്റുവിന് അസൂയയും സ്പർദ്ധയും ശത്രുതയും ഉണ്ടായിരുന്നു. ജനാധിപത്യ മാർഗ്ഗത്തിലൂടെയല്ല താൻ
പ്രധാനമന്ത്രിയായത് എന്ന അപകർഷതാ ബോധം പുത്രനായ നെഹ്റുവിനെ വിട്ടുപിരിഞ്ഞില്ല. സവർക്കർ, അംബേദ്കർ, രാജാജി, രാജേന്ദ്ര പ്രസാദ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. പട്ടേലിനോടുള്ള പക പട്ടേൽ മരിച്ചിട്ടും തീർന്നില്ല. അനാഥയായി മരിക്കുമ്പോൾ പോലും പട്ടേലിൻ്റെ മകളോട് പുത്രനായ നെഹ്രു ക്ഷമിച്ചില്ല.
കോൺഗ്രസിന് വേണ്ടി ത്യാഗം സഹിച്ച നേതാക്കളെ മുഴുവൻ പുത്രനായ നെഹ്റു ഒന്നുകിൽ പുകച്ചു പുറത്തു ചാടിച്ചു. അല്ലെങ്കിൽ ഒതുക്കി മൂലയ്ക്കാക്കി. പിതാവായ നെഹ്റു പുത്രനായ നെഹ്റുവിനെ സെക്രട്ടറി ആക്കിയതുപോലെ പുത്രനായ നെഹ്റു തൻ്റെ പുത്രിയായ ഇന്ദിരയെ സെക്രട്ടറിയാക്കി. അങ്ങിനെ തനിക്ക് ശേഷം തൻ്റെ പുത്രിയുടെ സ്ഥാനം ഉറപ്പുവരുത്തി. പുത്രിയായ ഇന്ദിരയാകട്ടെ തൻ്റെ ശത്രുക്കളെ തറപറ്റിക്കാൻ കോൺഗ്രസ്സിനെ പിളർത്തി തൻ്റെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിര ഉണ്ടാക്കി. രാഷ്ടപതി സ്ഥാനത്തേക്ക് കോൺഗ്രസ്സ് നീലം സഞ്ജീവ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കി നിർത്തി. ആ സ്ഥാനാർത്ഥിയെ തോൽപ്പിക്കാനായി വിമത സ്ഥാനാർത്ഥിയെ പിൻതുണക്കുക എന്ന നെറികേട് ഇന്ദിര ചെയ്തു. കോടതി വിധി തനിക്ക്എതിരായപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
ഇന്ദിര തൻ്റെ സെക്രട്ടറിയായി രണ്ടാം പുത്രനായ സഞ്ജയ് ഗാന്ധിയെ നിയമിച്ചു. പുത്രനായ നെഹ്റു ഗാന്ധി നാമം അടിച്ച് മാറ്റി തൻ്റെ മകളെ വ്യാജ ഗാന്ധിയാക്കി മാറ്റിയിരുന്നു. രണ്ടാം പുത്രൻ അകാലത്തിൽ അപകടത്തിൽ മരിച്ചപ്പോൾ ഒന്നാം പുത്രൻ രാജീവ് ഗാന്ധിയെ ആസ്ഥാനത്ത് കൊണ്ടുവന്നു. ഇന്ദിര വെടിയേറ്റ് മരിച്ചപ്പോൾ രാജീവ് പ്രധാനമന്ത്രിയായി. രാജീവ് മരിച്ചപ്പോൾ ഇറ്റലിക്കാരി സോണിയ പ്രധാന നേതാവായി. ഇപ്പോൾ അവരുടെ മക്കളാണ് നേതാക്കൾ. ഇതാണ് നെഹ്റു കുടുംബവാഴ്ചയുടെ സംക്ഷിപ്ത ചരിത്രം. നെഹ്റു കുടുംബ വംശാധിപത്യം വ്യാജത്തിലാണ് തുടങ്ങിയത്. ഗാന്ധിയനല്ലാത്ത നെഹ്റുവിനെ ഗാന്ധി ശിഷ്യനായി അവതരിപ്പിച്ചുകൊണ്ട് ആയിരുന്നു തുടക്കം. ഇപ്പോഴത്തെ അതിൻ്റെ അവകാശി നുണ മാത്രം പറയുന്ന വ്യാജനായി പരിണമിച്ചതിൽ അസ്വാഭാവികതയില്ല. (ഡോ. കെ. എസ് രാധാകൃഷ്ണൻ)













Discussion about this post