“എല്ലാവർക്കും സഞ്ജുവിനെ മതി” ഇങ്ങനെയാണ് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകളുടെ കാര്യമെന്ന് പറഞ്ഞാലും അതിൽ ആരും തന്നെ തെറ്റ് പറയുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ ട്രേഡ് വിൻഡോ അടക്കുന്നതിന് മുമ്പ് “സഞ്ജു സാംസൺ” ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവം. എന്തായാലും 2025 ഡിസംബർ ആദ്യ പകുതിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ ഒരു ട്രേഡിലൂടെ ഒപ്പിടാൻ അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് താൽപ്പര്യപ്പെടുന്നു എന്നാണ് വാർത്ത.
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, സാംസണെ ഒപ്പം കൂട്ടാൻ തങ്ങളുടെ ഒരു മികച്ച കളിക്കാരനെ കൈവിടാനാണ് ചെന്നൈയുടെ പ്ലാൻ. രാജസ്ഥാൻ റോയൽസിലേക്ക് മാറാൻ തനിക്ക് പറ്റുമോ എന്ന് ചെന്നൈ ചോദിച്ചു എന്നും വാർത്തകൾ വരുന്നുണ്ട്. രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയതുമായ താരമാണ് സഞ്ജു ഫ്രാഞ്ചൈസിക്ക് വേണ്ടി 149 മത്സരങ്ങളിൽ നിന്ന് അദ്ദേഹം ആകെ 4027 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളായി ടീമിനെ നയിക്കുന്ന സഞ്ജു ഒരു തവണ ടീമിനെ ഫൈനൽ വരെയും എത്തിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ സീസൺ മുതൽ താരം അത്ര നല്ല രസത്തിൽ അല്ല രാജസ്ഥാനുമായി പോകുന്നത്. ടീം വിടാൻ അനുവദിക്കണം എന്ന് സഞ്ജു തന്നെ ടീമിനെ അറിയിച്ചിട്ടുമുണ്ട്.
2025 ലെ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി സാംസണെ 18 കോടി രൂപയ്ക്ക് ആർആർ നിലനിർത്തുക ആയിരുന്നു. സാംസണെ ഒപ്പം കൂട്ടുന്നതിന് ഒന്നെങ്കിൽ രാജസ്ഥാന് ടീം 18 കോടി നൽകണം അല്ലെങ്കിൽ അതിനോട് തുലനം ചെയ്‌തുള്ള താരത്തെ കൈമാറ്റം ചെയ്യുന്നതിനൊപ്പം ബാക്കി തുക നൽകിയാൽ മതി.
ചെന്നൈയുടെ കാര്യമെടുത്താൽ അവർ മെഗാ ലേലത്തിൽ 18 കോടി രൂപക്ക് ഒപ്പം കൂട്ടിയ രവീന്ദ്ര ജഡേജയെ ടീം രാജസ്ഥാന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ടീമിൽ ധോണി കഴിഞ്ഞാൽ ഏറ്റവും വലിയ താരമായ ജഡേജയെ ടീം കൈവിടുമോ എന്ന് കണ്ടറിയണം. ഐപിഎല്ലിൽ സിഎസ്‌കെയ്ക്കു വേണ്ടി 186 മത്സരങ്ങൾ കളിച്ച ജഡേജ 143 വിക്കറ്റുകൾ വീഴ്ത്തുന്നതിനു പുറമേ 2198 റൺസും നേടിയിട്ടുണ്ട്. ആദ്യ രണ്ട് സീസണുകൾ ജഡേജ കളിച്ചത് രാജസ്ഥാന് വേണ്ടിയായിരുന്നു എന്നതും ശ്രദ്ധിക്കണം. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് ഓൾറൗണ്ടർ ശിവം ദുബെയെ സിഎസ്‌കെ 12 കോടി രൂപയ്ക്ക് നിലനിർത്തുക ആയിരുന്നു. ചെന്നൈക്ക് വേണ്ടി 55 ഐപിഎൽ മത്സരങ്ങളിൽ നിന്ന് അദ്ദേഹം ആകെ 1460 റൺസ് നേടിയിട്ടുണ്ട്.
ജഡേജക്ക് പരിചയസമ്പത്ത് ഉണ്ടെങ്കിലും താരത്തെക്കാൾ രാജസ്ഥാന് ഒരുപക്ഷെ താത്പര്യം ശിവം ദുബൈയെ ആയിരിക്കും. മുൻ താരം കൂടിയായ ദുബൈയുടെ പ്രായം തന്നെ അതിനൊരു കാരണമായി അവർ പറഞ്ഞേക്കാം. എന്തായാലും വരും ദിവസങ്ങളിൽ വാശിയേറിയ സഞ്ജു സാംസൺ ലേല വിശേഷങ്ങൾ നമുക്ക് കേൾക്കാം.













Discussion about this post