എറണാകുളം : ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിൽ വെച്ച് ഗണഗീതം ആലപിച്ച് ആഘോഷവുമായി വിദ്യാർത്ഥികൾ. “പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍, പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ…” എന്ന വരികൾ ആണ് വിദ്യാർത്ഥികൾ ആലപിച്ചത്. വിദ്യാർത്ഥികൾ ഗണഗീതം ആലപിക്കുന്നതിന്റെ വീഡിയോ സതേൺ റെയില്‍വേ പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ വൈറലായി മാറി.
‘എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു’ എന്ന ക്യാപ്ഷനോടെ ആണ് സതേൺ റെയിൽവേ ഈ വീഡിയോ പങ്കുവെച്ചത്. ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് വിദ്യാർത്ഥികൾ കൂട്ടമായി ഒത്തുചേർന്ന് ഗണഗീതം ആലപിച്ചത്.
എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചടങ്ങ് നിർവഹിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ രാവിലെ 8.50 ന് എറണാകുളത്തു നിന്നും പുറപ്പെട്ടു. വൈകീട്ട് 5.50നു ബംഗളൂരുവിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പുതിയ ട്രെയിനില്‍ തൃശൂര്‍ വരെ യാത്ര ചെയ്തു.









Discussion about this post