ന്യൂയോർക്ക് : മെക്സിക്കോയിലെ ഇസ്രായേൽ അംബാസഡറെ വധിക്കാൻ ഇറാന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന തകർത്തതായി യുഎസ്. യുഎസ്, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട് മെക്സിക്കൻ അധികൃതർ ആണ് ഗൂഢാലോചന തകർത്തത്. ഇസ്രായേൽ അംബാസഡർ ഐനാറ്റ് ക്രാൻസ് നീഗറിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) ഖുദ്‌സ് ഫോഴ്‌സാണ് എന്നും യുഎസ് വ്യക്തമാക്കി.
2024 അവസാനത്തോടെ ആണ് ഐനാറ്റ് ക്രാൻസ് നീഗറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ആസൂത്രണങ്ങൾ ആരംഭിച്ചത് എന്നാണ് യുഎസ് അറിയിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതി വരെ ഈ ഗൂഢാലോചന നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഐആർജിസി തുടർന്നിരുന്നു. ഐആർജിസിയുടെ വിദേശത്തെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പ്രത്യേക യൂണിറ്റായ ഖുദ്സ് ഫോഴ്‌സാണ് കൊലപാതക പദ്ധതി ആരംഭിച്ചത്. ഇറാനിയൻ ഉദ്യോഗസ്ഥനും വെനിസ്വേലയിലെ ഇറാന്റെ അംബാസഡറുടെ സഹായിയുമായ മസൂദ് രഹ്നേമ എന്നറിയപ്പെടുന്ന ഹസ്സൻ ഇസാദിയാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയിരുന്നത് എന്നും യുഎസ് വ്യക്തമാക്കുന്നു.
ഗൂഢാലോചന എങ്ങനെ കണ്ടെത്തിയെന്നോ പരാജയപ്പെടുത്തിയെന്നോ ഉള്ള വിശദാംശങ്ങളൊന്നും യുഎസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ “ഇറാന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു തീവ്രവാദ ശൃംഖലയെ തകർത്തതിന് മെക്സിക്കോയിലെ സുരക്ഷാ, നിയമ നിർവ്വഹണ സേവനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു,” എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.









Discussion about this post