ന്യൂയോർക്ക് : പുതിയ വിസ നയം അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. കുടിയേറ്റ നിയമത്തിലെ ‘പബ്ലിക് ചാർജ്’ വ്യവസ്ഥ പ്രകാരം പുതിയ വിസ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ ലോകമെമ്പാടുമുള്ള എംബസികൾക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.
ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഈ പുതിയ വിസ നയം പ്രകാരം, യുഎസിലേക്ക് പ്രവേശിക്കാനോ സ്ഥിര താമസത്തിനോ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരുടെ ആരോഗ്യസ്ഥിതി ഇപ്പോൾ അവരുടെ അപേക്ഷയുടെ ഫലത്തെ നേരിട്ട് ബാധിക്കുന്നതാണ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ കാലയളവിൽ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പുനരുജ്ജീവിപ്പിക്കുകയും വിപുലീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം. ഗുരുതരമായതോ വിട്ടുമാറാത്തതോ ആയ ചില മെഡിക്കൽ അവസ്ഥകൾ ഉള്ള വിദേശ പൗരന്മാർക്ക് വിസ നിഷേധിക്കാൻ പുതിയ നിയമം ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്നു. ആരോഗ്യം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം, സാമ്പത്തികം, വൈദ്യസഹായത്തിന്റെയും പരിചരണത്തിന്റെയും ദീർഘകാല ആവശ്യം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്തായിരിക്കും ഇനി യുഎസ് വിസ നൽകുക.
ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, ഉപാപചയ രോഗങ്ങൾ, നാഡീസംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവ ഉൾപ്പടെ പുതിയ വിസ നയത്തിൽ പരാമർശിച്ചിരിക്കുന്ന രോഗങ്ങളിൽ ഉൾപ്പെടുന്നു. അത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ദശലക്ഷക്കണക്കിന് ഡോളർ വരെ ചിലവാകുമെന്നും അതിനാൽ അവയെ ‘സാധ്യതയുള്ള പൊതുഭാരം’ ആയി തരംതിരിക്കണമെന്നും പുതിയ വിസ നിർദ്ദേശത്തിൽ പറയുന്നു. ‘ആരോഗ്യമുള്ളവരും ഉൽപ്പാദനക്ഷമതയുള്ളവരുമായ’ വ്യക്തികളെ മാത്രമേ വിലപ്പെട്ടവരായി കണക്കാക്കുന്നുള്ളൂ എന്നാണ് യുഎസിന്റെ പുതിയ വിസ നിയമങ്ങൾ വ്യക്തമാക്കുന്നത്.









Discussion about this post