ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.
എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു.
സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ച വ്യക്തിയുടെ പേര് ഉമര്‍ മുഹമ്മദാണെന്നാണ് സൂചന. ഫരീദാബാദ് ഭീകരസംഘത്തില്‍ പോലീസ് തിരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്‌ഫോടനം നടന്ന ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.
ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്‌ഫോടനത്തില്‍ കത്തിനശിച്ചത്.









Discussion about this post