ഇസ്ലാമാബാദ് : പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ആണുള്ളതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിലെ ചാവേർ കാർ ബോംബ് സ്ഫോടനത്തെ തുടർന്നാണ് പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന. തലസ്ഥാനത്തെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ മരിച്ചു.
ചാവേർ ബോംബാക്രമണം രാജ്യത്തിനുള്ള ഉണർവ്വ് സന്ദേശം ആണെന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു. കാർ സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ പാകിസ്താൻ പ്രതിരോധ മന്ത്രി താലിബാനെ രൂക്ഷമായി വിമർശിച്ചു. “അവരിപ്പോൾ നഗരങ്ങളെയും ലക്ഷ്യം വെക്കാൻ ആരംഭിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഇനി അതിർത്തി മേഖലയായ ഡ്യൂറണ്ട് ലൈനിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. ഇന്നത്തെ ചാവേർ ആക്രമണം അതിർത്തിയിലോ ബലൂചിസ്ഥാനിലെ വിദൂര പ്രദേശങ്ങളിലോ മാത്രമാണ് സംഘർഷങ്ങളും പ്രശ്നങ്ങളും ഉള്ളതെന്ന് വിശ്വസിക്കുന്നവരുടെ മിഥ്യാധാരണകളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്” എന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
നഗരപ്രദേശങ്ങളിൽ ഭീകരത വീണ്ടും തലപൊക്കിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ താലിബാനുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. “കാബൂളിലെ ഭരണാധികാരികൾക്ക് പാകിസ്താനിലെ ഭീകരത തടയാൻ കഴിയും, എന്നാൽ ഈ യുദ്ധം ഇസ്ലാമാബാദിലേക്ക് എത്തിക്കുക എന്നത് കാബൂളിൽ നിന്നുള്ള ഒരു സന്ദേശമാണ്, പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ പാകിസ്താന് പ്രതികരിക്കാൻ പൂർണ്ണ ശക്തിയുണ്ട്” എന്നും ഖ്വാജ ആസിഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു സന്ദേശത്തിൽ അറിയിച്ചു.









Discussion about this post