ന്യൂഡൽഹി : ഇസ്ലാമാബാദിലെ കാർ ചാവേർ സ്ഫോടനം പാകിസ്താന്റെ ‘വഴിതിരിച്ചുവിടൽ തന്ത്രം’ ആണെന്ന് ഇന്ത്യ. അക്കാര്യം ആർക്കും ഊഹിക്കാൻ കഴിയാവുന്നതാണ്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർത്ഥ്യത്തെക്കുറിച്ച് അറിയാമെന്നും പാകിസ്താന്റെ ഇത്തരം തന്ത്രങ്ങളിൽ ആരും വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
പാകിസ്താൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനം ഇന്ത്യക്കെതിരായി തിരിക്കാനുള്ള ശ്രമം തള്ളിക്കളയുന്നതായും ഇന്ത്യ വ്യക്തമാക്കി. ‘പാകിസ്ഥാൻ നേതൃത്വം ഉന്നയിക്കുന്ന വഞ്ചനാപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ഇന്ത്യ അസന്ദിഗ്ധമായി തള്ളിക്കളയുന്നു’ എന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയിൽ നിന്നും അധികാര കൈയേറ്റത്തിൽ നിന്നും സ്വന്തം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ കഥകൾ മെനയുകയാണ്. ഇത് ആർക്കും ഊഹിക്കാനും പ്രവചിക്കാനും കഴിയുന്ന കാര്യമാണ്. എല്ലാം മനസ്സിലാക്കുന്ന ലോകരാജ്യങ്ങൾ പാകിസ്താന്റെ വഴിതിരിച്ചുവിടൽ തന്ത്രങ്ങളിൽ വീഴില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.









Discussion about this post