2019 ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലിലെ എംഎസ് ധോണിയുടെ പ്രകടനത്തെക്കുറിച്ച് ആകാശ് ചോപ്ര വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചു രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഇപ്പോഴും വേട്ടയാടുന്ന ആ പ്രശസ്തമായ മത്സരം നടന്നിട്ട് ആറ് വർഷത്തിലേറെയായി. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18 റൺസിന് 221 റൺസിന് പുറത്തായി. 30.3 ഓവറിൽ 92/6 എന്ന നിലയിൽ തകർന്ന ഇന്ത്യ നാണംകെട്ട് തോൽക്കുമെന്നാണ് കരുതിയത്.
അതിനുശേഷം, ഏഴാം വിക്കറ്റിൽ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഇന്ത്യയുടെ പ്രതീക്ഷകൾ സജീവമാക്കി. എന്നിരുന്നാലും, ജഡേജയും ധോണിയും പുറത്തായതോടെ അവസാന വിജയം കിവീസിനായി. 72 പന്തിൽ നിന്ന് 50 റൺസ് നേടിയ ധോണി റണ്ണൗട്ടായിട്ടാണ് മടങ്ങിയത്. അതിനുശേഷം ചർച്ചകളിലും ട്രോളുകളിലും എല്ലാം പതുക്കെ കളിച്ചതിനും റണ്ണൗട്ട് രക്ഷിക്കാൻ ഡൈവ് ചെയ്യാത്തതിനും മുൻ ഇന്ത്യൻ ക്യാപ്റ്റന് ആരാധകരിൽ നിന്ന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
2019 ലെ ലോകകപ്പ് സെമിഫൈനലിൽ എം.എസ്. ധോണിയുടെ പ്രകടനത്തെക്കുറിച്ച് ആകാശ് ചോപ്ര കുറച്ചധികം കാര്യങ്ങൾ പറഞ്ഞു. ഇന്ത്യ ആ കളി ജയിച്ചിരുന്നെങ്കിൽ അതൊരു ഐക്കണിക് ഇന്നിംഗ്‌സ് ആകുമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “നോക്കൂ, എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ പല അഭിപ്രായങ്ങൾ വരുന്നത് സ്വാഭാവികമാണ്. സമ്മർദ്ദ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണം എന്നത് ചെറുപ്പത്തിലേ നമ്മൾ മനസിലാക്കേണ്ടകാര്യമാണ്. അതിനായി കഠിനമായ അധ്വാനം ചെയ്യണം. അല്ലാതെ ഒരു സുപ്രഭാതത്തിൽ അതൊന്നും ചെയ്യാൻ പറ്റില്ല. അന്നത്തെ ആ രണ്ട് ഷോട്ടുകൾ കണക്ട് ആയിരുന്നു എങ്കിൽ കളി മാറുമായിരുന്നു . അതായത്, അദ്ദേഹം ആ മത്സരം ജയിപ്പിക്കുമായിരുന്നു. അതൊരു ഐക്കണിക് ഇന്നിംഗ്‌സ് ആകുമായിരുന്നു.” യൂട്യൂബിൽ ആർജെ റൗണാക്കിനൊപ്പം ദി റൗണക് പോഡ്‌കാസ്റ്റിൽ ചോപ്ര പറഞ്ഞു..
“ആ ദിവസം അദ്ദേഹത്തിന്റെ ബാറ്റിംഗ് ഓർഡർ നേരത്തേയാക്കേണ്ടത് ആയിരുന്നു എന്ന് ഞാൻ കരുതുന്നു. അവർ അദ്ദേഹത്തെ വളരെ താമസിച്ചാണ് ഇറക്കിയത്. അത് ഇന്ത്യ ചെയ്ത ഒരു തെറ്റായിരുന്നു, തന്ത്രപരമായ പിഴവ് എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ കളിരീതിയെ വിമർശിച്ചാൽ, നിങ്ങൾക്ക് അദ്ദേഹത്തിന്റെ ഫിനിഷിംഗ് കഴിവിനെ ആഘോഷിക്കാൻ കഴിയില്ല. രണ്ടും ഒരുമിച്ച് പോകാൻ കഴിയില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.












