ചണ്ഡീഗഡ് :അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ ഇ.ഡി അന്വേഷണം. ഹരിയാന ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പണമിടപാടുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് സാമ്പത്തിക അന്വേഷണ ഏജൻസികൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. എല്ലാ രേഖകളും ഫോറൻസിക് ഓഡിറ്റ് ചെയ്യാനും കേന്ദ്രസർക്കാർ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.
ഡൽഹി ഭീകരാരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് നടപടി സ്വീകരിച്ചു. അൽ ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം അസോസിയേഷൻ റദ്ദാക്കി. പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അൽ ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം ഉടനടി പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നുവെന്ന് അസോസിയേഷൻ ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
എഐയു ലോഗോ ഉടൻതന്നെ നീക്കം ചെയ്യണമെന്നും അസോസിയേഷന്റെ പേരോ ലോഗോയോ ഒരു രൂപത്തിലും ഉപയോഗിക്കരുതെന്നും അൽ ഫലാ യൂണിവേഴ്സിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അൽ ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാരെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മറ്റൊരു ഡോക്ടർ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ ചാവേർ സ്ഫോടനം നടത്തിയത്.









Discussion about this post