പട്ന : ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും എസ്‌ഐആറിനെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. എസ്ഐആറിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവർ പ്രതിപക്ഷ വോട്ടർമാരായിരുന്നു എന്ന് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ 65 ലക്ഷം വോട്ടർമാരെ ഇല്ലാതാക്കിയത് കൊണ്ടാണ് എൻ ഡി എ ബീഹാറിൽ വിജയിച്ചതെന്നും കോൺഗ്രസ് എംപി ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതികരിച്ചു. ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പരാജയത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക തീവ്രമായ പുനരവലോകനമാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജും അഭിപ്രായപ്പെട്ടു.
ബീഹാർ തിരഞ്ഞെടുപ്പിൽ എസ്ഐആറിന്റെ കളി പുറത്തു വന്നതിനാൽ വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സർക്കാർ സ്ത്രീകൾക്ക് 10,000 രൂപ നൽകിയിരുന്നതാണ് ബീഹാറിൽ വീണ്ടും തുടർഭരണം ഉണ്ടാകാൻ കാരണമെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിഹാറിലെ കോൺഗ്രസിന്റെ മുതിർന്ന നിരീക്ഷകനുമായ അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.









Discussion about this post