പട്ന : ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലും ബീഹാറിൽ എൻഡിഎ 160+ സീറ്റുകൾ നേടും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൻഡിഎ ലീഡ് 200 കടന്നിരിക്കുകയാണ്. 91 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നു. ബീഹാറിലെ ഈ പ്രവചനാതീതമായ വിജയത്തിന് എന്റെ പ്രധാന കരുത്തായി മാറിയത് സ്ത്രീ വോട്ടർമാരാണെന്നാണ് വിലയിരുത്തൽ.
സ്ത്രീകൾ കൂടുതലുള്ള ജില്ലകളിൽ പാർട്ടിയുടെ വോട്ട് വിഹിതം 23.8% ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബീഹാറിലെ സ്ത്രീകൾക്കായി നിതീഷ് കുമാർ സർക്കാർ നടപ്പിലാക്കിയ നയങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടുതലുള്ള ജില്ലകളിലാണ് എൻഡിഎ വൻ വിജയങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന വഴി സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് 10,000 രൂപ വീതം വിതരണം ചെയ്തത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ബീഹാറിലെ സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു. 1.5 കോടിയിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് 10,000 രൂപയുടെ സാമ്പത്തിക സഹായ പദ്ധതി നൽകപ്പെട്ടത്. ഈ നീക്കത്തിലൂടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുൻവർഷത്തേക്കാൾ രണ്ടരക്കോടിയിൽ അധികം സ്ത്രീ വോട്ടർമാരാണ് വോട്ട് ചെയ്തത്.
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നിതീഷ് കുമാർ നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനത്തുടനീളമുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, വിഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് സ്ത്രീ സംരംഭകത്വം വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത നൂതനമായ ‘ലഖ്പതി ദീദി’ പദ്ധതിയും ബീഹാർ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സൈക്കിൾ നൽകുന്ന മുഖ്യമന്ത്രി ബാലിക സൈക്കിൾ യോജന, പഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം, പോലീസ് റിക്രൂട്ട്‌മെന്റിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം, ജീവിക സ്വാശ്രയ ഗ്രൂപ്പ് പ്രോഗ്രാം എന്നിങ്ങനെ സ്ത്രീകൾക്കായുള്ള ബീഹാർ സർക്കാരിന്റെ നിരവധി സുപ്രധാന പദ്ധതികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ തുടർഭരണം സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.









Discussion about this post