ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാൾക്ക് ജെയ്ഷെ മുഹമ്മദിലെ ഭീകരൻ ബോംബ് നിർമ്മാണ വീഡിയോകൾ അയച്ചുകൊടുത്തതായി റിപ്പോർട്ട്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ബോംബ് ഇങ്ങനെയാണ് നിർമ്മിച്ചതെന്നാണ് വിവരം. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദിലെ ‘ഹൻസുള്ള’ എന്നറിയപ്പെടുന്ന ഭീകരനാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളായ ഡോ. മുസമിൽ ഷക്കീലിന് വീഡിയോകൾ അയച്ചുകൊടുത്തതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബറിൽ ജമ്മു കശ്മീരിലെ നൗഗാമിൽ കാണപ്പെട്ട ജെയ്ഷെ മുഹമ്മദിന്റെ പോസ്റ്ററുകളിൽ ‘കമാൻഡർ ഹൻസുള്ള ഭായ്’ എന്നെഴുതിയിരുന്നു. ഈ പോസ്റ്ററുകളാണ് ഭീകരവാദ അന്വേഷണത്തിലേക്ക് നയിച്ചത്. ചെങ്കോട്ട സ്ഫോടനക്കേസ് അന്വേഷിക്കുന്ന സംഘം ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നുള്ള മൗലവി ഇർഫാൻ അഹമ്മദ് എന്ന മുസ്ലീം പുരോഹിതൻ വഴിയാണ് ജെയ്‌ഷെ ഭീകരൻ ഷക്കീലുമായി ബന്ധപ്പെട്ടത്. ഡോക്ടർമാരെ തീവ്രവാദവൽക്കരിക്കുകയും വൈറ്റ് കോളർ ഭീകര സംഘടന രൂപീകരിക്കുകയും ചെയ്തയാളാണ് മൗലവി. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷക്കീലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്തത്.തുടർന്ന് ഷക്കീൽ സർവകലാശാലയിലെ ‘സമാന ചിന്താഗതിക്കാരായ’ ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവരെ കണ്ടുമുട്ടുകയും അവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.
അതേസമയം സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്താനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഷക്കീൽ തുർക്കി വഴി അഫ്ഗാനിസ്താനിലേക്ക് പോയതിന്റെ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.













Discussion about this post