ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ച സ്ഥലം കണ്ടെത്തി അന്വേഷണസംഘം.ഡൽഹി സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മിൽ ഷക്കീൽ ഗനായ് സ്‌ഫോടകവസ്തുക്കൾക്കുള്ള രാസവസ്തുക്കൾ തയ്യാറാക്കാൻ ഉപയോഗിച്ച ഇടമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു മില്ലാണ് ബോംബ് നിർമ്മാണ കേന്ദ്രമായി മാറിയത്. ഇവിടെ നടത്തിയ പരിശോധനയിൽ നിന്ന് ഗ്രൈൻഡർ,ഇലക്ട്രോണിക് മെഷീനുകൾ,രാസവസ്തുക്കൾ എന്നിവയും കണ്ടെത്തി. ഒരു ടാക്‌സി ഡ്രൈവറുടേതാണ് ഫ്‌ളോർ മിൽ.
അറസ്റ്റിലായ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഷക്കീൽ ഗനായ്, ഫരീദാബാദിലെ തന്റെ വാടക മുറിയിൽ മെഷീനുകൾ സൂക്ഷിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ 360 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. മില്ലിൽ യൂറിയ പൊടിച്ച് സ്‌ഫോടകവസ്തുക്കൾക്കുള്ള രാസവസ്തുക്കൾ തയ്യാറാക്കുകയായിരുന്നു ഇയാളുടെ പതിവ്.
ഡൽഹി കാർ സ്‌ഫോടനക്കേസിലെ കേന്ദ്രബിന്ദുവായ ഫരീദാബാദ് ആസ്ഥാനമായുള്ള അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഷക്കീൽ ഗനായ്, ചോദ്യം ചെയ്യലിൽ, വളരെക്കാലമായി യൂറിയയിൽ നിന്ന് അമോണിയം നൈട്രേറ്റ് വേർതിരിക്കുന്നതിനും സ്‌ഫോടകവസ്തുക്കൾ ശുദ്ധീകരിക്കുന്നതിനും ഫ്‌ളോർ മിൽ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞതായി വിവരങ്ങളുണ്ട്.
നാല് വർഷം മുമ്പ് തന്റെ മകനെ ചികിത്സയ്ക്കായി അൽ-ഫലാഹ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഗനായിയെ കണ്ടുമുട്ടിയതെന്ന് ഫ്‌ളോർ ഉടമയായ ടാക്‌സ ഡ്രൈവർ പറയുന്നു.











Discussion about this post