ലഖ്‌നൗ : രാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയായി ഇന്ന് ധ്വജാരോഹണ ചടങ്ങ് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് രാമ ക്ഷേത്രത്തിനു മുകളിൽ പ്രത്യേക പതാക ഉയർത്തുക. മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമി ദിനത്തിലെ ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹ പഞ്ചമി എന്ന സവിശേഷതയാണ് ഇന്നത്തെ ദിവസത്തിനുള്ളത്.
ഉച്ചയ്ക്ക് 12 മണിയോടെ ആയിരിക്കും രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങ് നടക്കുക. ക്ഷേത്രത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക പതാക കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പൂജകളും യജ്ഞങ്ങളും നടത്തി ചടങ്ങിനായി തയ്യാറാക്കിയിട്ടുണ്ട്. സൂര്യന്റെയും കോവിദാര വൃക്ഷത്തിന്റെയും (ചുവന്ന മന്ദാരം) ചിത്രത്തോടെ “ഓം” എന്ന് രേഖപ്പെടുത്തിയിട്ടുള്ള കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് രാമക്ഷേത്രത്തിന്റെ ഔദ്യോഗിക പതാകയായി ഇന്ന് ഉയർത്തപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ആയിരക്കണക്കിന് സന്യാസിമാരും പങ്കെടുക്കുന്നതാണ്.
രാമജന്മഭൂമി vs ബാബറി മസ്ജിദ് കേസിലെ മുൻ വാദിയായ ഇഖ്ബാൽ അൻസാരിയെയും രാമക്ഷേത്ര പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പതാക ഉയർത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി സപ്ത മന്ദിർ സന്ദർശിക്കും. അവിടെ അദ്ദേഹം മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, മഹർഷി വാൽമീകി, ദേവി അഹല്യ, നിഷദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുടെ ക്ഷേത്രങ്ങളിലും പ്രണാമം അർപ്പിക്കും. ഇതിനുശേഷം അദ്ദേഹം ശേഷാവതാർ ക്ഷേത്രത്തിലും സന്ദർശനം നടത്തും. രാവിലെ 11 മണിയോടെ അദ്ദേഹം മാതാ അന്നപൂർണ്ണ ക്ഷേത്രം സന്ദർശിക്കും. തുടർന്നായിരിക്കും അദ്ദേഹം രാം മന്ദിർ ദർബാറിൽ രാം ലല്ലയെ കാണാനായി എത്തുക.










Discussion about this post