ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 0-2 ന് തോൽക്കുന്നതിന്റെ വക്കിലാണ് ഇന്ത്യൻ ടീം എന്നതിനാൽ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഭാവി വലിയ അപകടത്തിലാണ്. മൂന്ന് ഫോർമാറ്റുകളിലും ടീമിനെ പരിശീലിപ്പിക്കുന്ന ഗംഭീറിന്റെ കീഴിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ റെക്കോഡുകൾ മികച്ചത് ആണെങ്കിലും ടെസ്റ്റിൽ അത് അതിദയനീയം ആണ്. അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി ബിസിസിഐ മറ്റ് ഓപ്ഷനുകൾ പരിഗണിക്കണം എന്ന് ആരാധകർ പറയുമ്പോൾ മുൻ ഇന്ത്യൻ താരത്തെ ട്രോളി ഐസ്‌ലാൻഡ് ക്രിക്കറ്റ് രംഗത്ത് വന്നിരിക്കുകയാണ്.
ക്രിക്കറ്റ് വിഷയങ്ങളിൽ നർമ്മബോധമുള്ള നിലപാടുകൾക്ക് പേരുകേട്ട ഐസ്‌ലാൻഡ് ക്രിക്കറ്റ്, ഇന്ത്യയുടെ ടെസ്റ്റുകളിലെ മോശം പ്രകടനത്തെ പരാമർശിച്ച്, ഗംഭീറിനെ അവരുടെ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ക്ഷണിക്കില്ലെന്ന് പറഞ്ഞു. “ഞങ്ങളുടെ എല്ലാ ആരാധകരോടും, ഇല്ല, ഗൗതം ഗംഭീറിനെ ഞങ്ങളുടെ പുതിയ ദേശീയ ടീം പരിശീലകനാകാൻ ക്ഷണിക്കില്ല. ആ സ്ഥാനം ഇതിനകം നികത്തിക്കഴിഞ്ഞു, 2025-ൽ ഞങ്ങൾ ഞങ്ങളുടെ 75% മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ്” ഐസ്‌ലാൻഡ് ക്രിക്കറ്റ് എക്‌സിൽ (മുമ്പ് ട്വിറ്റർ) എഴുതി.
ഗംഭീറിനെ പുറത്താക്കുമെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത് ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഗംഭീറിന്റെ കീഴിൽ കഴിഞ്ഞ കിവീസിനോട് കിട്ടിയ വൈറ്റ് വാഷ് തോൽവിയും ഇപ്പോൾ സൗത്താഫ്രിക്കയോട് കിട്ടാൻ പോകുന്ന സമ്പൂർണ പരാജയം കൂടി ചേരുമ്പോൾ കാര്യങ്ങൾക്ക് തീരുമാനം ആയെന്ന് തന്നെ പറയാം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തോറ്റത് 2000 ലായിരുന്നു. ഗുവാഹത്തി പരമ്പരയിൽ സമനിലയോ തോൽവിയോ ഉണ്ടായാൽ 25 വർഷത്തിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര തോൽവിയായിരിക്കും. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ മാറ്റാനുള്ള മുഖ്യ പരിശീലകന്റെ തീരുമാനത്തിനും ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ മൂന്നാം സ്ഥാനത്ത് കളിച്ച വാഷിംഗ്ടൺ സുന്ദർ രണ്ടാം ടെസ്റ്റിൽ എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയത് ഉൾപ്പടെ പല നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നു.













Discussion about this post