ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഋഷഭ് പന്തിന്റെ അശ്രദ്ധമായ സ്ട്രോക്ക്പ്ലേയിൽ അതൃപ്തി പ്രകടിപ്പിച്ചു മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മികച്ച താരം ആണെന്നും അയാൾക്ക് മികച്ച സാങ്കേതിക വിദ്യയുണ്ടെന്നും എന്നാൽ സാഹചര്യം മനസ്സിൽ വെച്ചു മാത്രമേ ഷോട്ട് കളിക്കാവൂ എന്നും അശ്വിൻ പറഞ്ഞു.
സൗത്താഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം നടത്താൻ പറ്റിയ ട്രാക്കായിരുന്നു. ടെസ്റ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിട്ടും പന്തിന് ആ ട്രാക്കിന്റെ ആനുകൂല്യം മുതലെടുക്കാനായില്ല. നന്നായി കളിച്ചുവന്ന സമയത്ത് തന്നെ താരത്തിന്റെ വിക്കറ്റ് നഷ്ടമായി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് അദ്ദേഹം വീണത്. എന്തായാലും 201 റൺസിന് പുറത്തായ ഇന്ത്യ ഒടുവിൽ 288 റൺസിന്റെ ലീഡ് വഴങ്ങി.
‘അശ്വിൻ’ എന്ന തന്റെ യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ വീഡിയോയിൽ സംസാരിക്കവേ, 39-കാരനായ അദ്ദേഹം പന്തിന് മികച്ച പ്രതിരോധ മികവുണ്ടെന്നും അത് കൂടുതൽ ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് ഡ്രസ്സിംഗ് റൂമിൽ കീപ്പർ ബാറ്ററോട് ഇതേ കാര്യം പറഞ്ഞതായി അശ്വിൻ ഓർമ്മിച്ചു.
“ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോൾ എന്റെ ഹൃദയമിടിപ്പ് ഡ്രസ്സിംഗ് റൂമിൽ വേഗത്തിലായിരുന്നു. അദ്ദേഹത്തിന് മികച്ച കളിയും പ്രതിരോധ മികവുണ്ട്. അതിനാൽ അദ്ദേഹം എന്തിനാണ് ഇത്തരം ഷോട്ടുകൾക്ക് കളിക്കുന്നത് എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹം വളരെ മികച്ച കളിക്കാരനാണെന്നും അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ദിവസം കാര്യങ്ങൾ മാറാൻ തുടങ്ങുമെന്നും ഞാൻ ഇപ്പോഴും പറയും. അദ്ദേഹം കൊണ്ടുവരുന്ന എക്സ്-ഫാക്ടർ ഞാൻ നിഷേധിക്കുന്നില്ല. ക്രൈസ്റ്റ്ചർച്ചിൽ നഥാൻ ആസ്റ്റൽ ഒരിക്കൽ 200 ഒറ്റപ്പെട്ട റൺസ് നേടി.”
“എന്നാൽ അതിനുശേഷം എല്ലാ ടെസ്റ്റിലും അദ്ദേഹം ആ രീതിയിൽ കളിച്ചില്ല. അതുപോലെ, ബാറ്റ്സ്മാൻമാർക്ക് എല്ലാ സമയത്തും ഒരേ രീതിയിൽ കളിക്കാൻ കഴിയില്ല. ഞാൻ അത് ഡ്രസ്സിംഗ് റൂമിൽ പറഞ്ഞിട്ടുണ്ട്, പക്ഷേ അദ്ദേഹം അത് തിരിച്ചറിയുന്നതുവരെ ഒന്നും മാറില്ല. ഇന്ന് നിങ്ങൾ ഒരു ക്യാപ്റ്റനാണെങ്കിൽ, മറ്റ് 10 പേർ നിങ്ങളുടെ കാൽപ്പാടുകൾ പിന്തുടരും. അതിനാൽ, ഉത്തരവാദിത്തം കാണിക്കേണ്ടത് അനിവാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇന്നലത്തെ 408 റൺസിന്റെ കൂറ്റൻ തോൽവിക്ക് പിന്നാലെ വമ്പൻ വിമർശനങ്ങളാണ് പരിശീലലകൻ ഗൗതം ഗംഭീറും നായകൻ ഋഷഭ് പന്തും അടക്കമുള്ളവർ കേൾക്കുന്നത് .












Discussion about this post