ന്യൂഡൽഹി : ദിത്വാ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളെത്തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സാഗർ ബന്ധു. കൊളംബോയിലെ ബന്ദർനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ അവസാന ബാച്ച് യാത്രക്കാരും നാട്ടിലേക്ക് മടങ്ങിയതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു.
104 ഇന്ത്യക്കാരുമായി ഇന്ത്യൻ വ്യോമസേനയുടെ ഐഎഎഫ് എംസിസി വിമാനം ഇന്ന് രാവിലെ 6.30 ഓടെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു.
ദിത്വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയ്ക്ക് സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും അയക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചത്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ കീഴിൽ, ദുരന്ത പ്രതികരണ സാമഗ്രികളുമായി മറ്റൊരു ഇന്ത്യൻ വ്യോമസേന വിമാനം ഞായറാഴ്ച കൊളംബോയിൽ ഇറങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഏകദേശം 10 ടൺ ദുരന്ത പ്രതികരണ സാമഗ്രികൾ, ഇന്ത്യൻ നിർമ്മിത മൊബൈൽ ആശുപത്രിയായ ഭീഷ്മ് ക്യൂബുകൾ, ഓൺ-സൈറ്റ് പരിശീലനത്തിനും പിന്തുണയ്ക്കുമുള്ള ഒരു മെഡിക്കൽ സംഘം എന്നിവ വഹിക്കുന്ന വ്യോമസേനയുടെ C130J വിമാനമാണ് കൊളംബോയിൽ എത്തിച്ചേർന്നിട്ടുള്ളത്.
“ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുന്ന ഏതൊരു ഇന്ത്യൻ യാത്രക്കാരനും അടിയന്തര ഹെൽപ്പ് ഡെസ്‌ക് നമ്പർ: +94 773727832 എന്ന നമ്പറിൽ ബന്ധപ്പെടുകയോ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന എയർലൈൻ കൗണ്ടറുകളുമായി ബന്ധപ്പെടുകയോ ചെയ്യാം,” എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷൻ സാഗർ ബന്ധുവിന് കീഴിൽ, പൂനെയിൽ നിന്ന് IAF C-17 NDRF ടീമുകളെയും ഉപകരണങ്ങളെയും എയർലിഫ്റ്റ് ചെയ്തതായി ഇന്ത്യൻ വ്യോമസേനയും അറിയിച്ചു.











Discussion about this post