മുസ്ലീം വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് വിവാഹസമയത്ത് ഭർത്താവിന് നൽകിയ പണവും സ്വർണാഭരണങ്ങളും തിരിച്ചുവാങ്ങാമെന്നാണ് കോടതി ഉത്തരവ്.ജസ്റ്റിസ് സഞ്ജയ് കരോൾ, എൻ. കോടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമം എന്ന് ബെഞ്ച് പറഞ്ഞു .സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമ നിർമാണം നടന്നത്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, പുരുഷാധിപത്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു. ഈ നിയമപ്രകാരം, വിവാഹമോചിതയായ ഒരു മുസ്ലീം സ്ത്രീക്ക് വിവാഹസമയത്ത് മാതാപിതാക്കൾ ഭർത്താവിന് നൽകിയ പണവും സ്വർണാഭരണങ്ങളും മറ്റ് വസ്‌തുക്കളും വീണ്ടെടുക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഒരു മുസ്ലിം സ്ത്രീക്ക് വിവാഹസമയത്ത് നൽകുന്ന മഹർ ഉൾപ്പടെയുള്ള സ്വത്തുക്കളിൽ അവകാശമുണ്ട്. സ്വത്തുക്കൾ വിവാഹമോചന സമയത്ത് തിരികെ നല്‍കിയില്ലെങ്കിൽ, മഹർ അടക്കമുള്ള സ്വത്തുക്കൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനായി മജിസ്ട്രേറ്റിന് അപേക്ഷ നൽകാവുന്നതാണ്.വിവാഹസമയത്ത് നൽകുന്ന സ്വത്തുക്കൾ വിവാഹമോചിതയായ ഒരു സ്ത്രീയുടെ ഭാവി സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി പറയുന്നു










Discussion about this post