“പരാതികൾ ഇല്ല, പരിഭവം ഇല്ല, വിമർശനങ്ങളിൽ നിരാശ ഇല്ല” നമ്മുടെ ഒകെ ജീവിതത്തിൽ ഒരു മോശം കാലഘട്ടം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ ഇവയിൽ ഏതെങ്കിലും ഒകെ പരാതിയോ പരിഭവമോ ദേഷ്യമോ ഒകെ പ്രകടിപ്പിച്ചിട്ടുള്ളവർ ആകും പലരും. എന്നാൽ ലോകത്തിൽ മറ്റേത് ടീമിൽ ആണെങ്കിലും നമ്പർ 1 സ്പിന്നർ ആയി സ്‌ക്വാഡിൽ ഉറപ്പായിട്ടും ഉണ്ടാകേണ്ട ഒരു താരമുണ്ട്. ഇന്ത്യൻ ടീമിലായത് കൊണ്ട് മാത്രം ആ താരത്തിന് പലപ്പോഴും അർഹിച്ച പരിഗണന കിട്ടുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ പേരാണ് കുൽദീപ് യാദവ്.
2017 മുതൽ ഇതുവരെയുള്ള നാളുകളിൽ കളിച്ച 17 ടെസ്റ്റിൽ നിന്നായി 22. 42 ബോളിങ് ശരാശരിയിൽ 76 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ ബോളിങ് ഫിഗറുകൾ ഉജ്ജ്വലമാണ്. വമ്പനടികളുടെ ടി 20 യുഗത്തിൽ ആരും മോഹിച്ചുപോകുന്ന ശരാശരിയൊക്കെ ഉള്ള കുൽദീപ് പലപ്പോഴും ടീമിലിടം കിട്ടാതെ ബെഞ്ചിലിരിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടിട്ടുണ്ട്. അതിലൊന്നും സങ്കടപ്പെടാതെ തന്റെ ദിനം വരും എന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.
വൈറ്റ് ബോൾ ഫോർമാറ്റിൽ എന്തായാലും നിലവിൽ ഇന്ത്യയുടെ വജ്രായുധമായ കുൽദീപ് ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 9 വിക്കറ്റ് നേടി കഴിഞ്ഞു. ഇതിൽ ആദ്യ മത്സരത്തിൽ ഉഇന്ത്യ ജയിച്ചപ്പോൾ നാല് വിക്കറ്റ് നേടിയ കുൽദീപ് രണ്ടാം മത്സരത്തിൽ നേടിയത് ഒരു വിക്കറ്റ് മാത്രം ആയിരുന്നു. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടു എന്ന് ശ്രദ്ധിക്കണം. മൂന്നാം മത്സരത്തിൽ 10 ഓവറിൽ 1 മെയ്ഡൻ സഹിതം 41 റൺ വഴങ്ങി നേടിയത് 4 വിക്കറ്റ് ആയിരുന്നു.
മത്സരത്തിന്റെ ഒരു സ്റ്റേജിൽ കൂറ്റൻ സ്കോർ മോഹിച്ച ആഫ്രിക്കൻ ടീമിനെ 270 റൺസിലേക്ക് ഒതുക്കിയത് താരത്തിന്റെ മികവ് ആയിരുന്നു. തന്റെ കരിയറിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ 183 മത്സരത്തിൽ നിന്നായി 355 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്. നിലവിൽ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരത്തിന് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് ടേക്കർ ആകാനുള്ള അവസരവും സമയവും മുന്നിൽ ഉണ്ടെന്ന് പറയാം.
ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്ത് ഫാസ്റ്റ് ബോളർ ആകാനായിരുന്നു തനിക്ക് താത്പര്യമെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വളർച്ച കുറവ് തന്റെ കണക്കൂട്ടലുകൾ തെറ്റിച്ചെന്നും, അങ്ങനെ താൻ സ്പിൻ ബോളറാകാൻ നിർബന്ധിതനായെന്നും കുൽദീപ് പറഞ്ഞു. “ആദ്യ കാലത്തു ഫാസ്റ്റ് ബോളിംഗാണു എനിക്കു നല്ലതെന്നു തോന്നിയത്. 10-11 വയസുള്ളപ്പോൾ തന്നെ എനിക്ക് പന്ത് രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യിക്കാൻ കഴിയുമായിരുന്നു. എന്നാൽ എന്റെ വളർച്ചക്കുറവാണ് അവിടെ പ്രശ്നമായത്. അതോടെ പരിശീലകൻ എന്നോട് സ്പിൻ ബോളിംഗിലേക്ക് മാറാൻ പറഞ്ഞു.”
ആദ്യം അദ്ദേഹത്തിന്റെ നിർദേശം എനിക്ക് സ്വീകാര്യമായില്ല. കാരണം സ്പിൻ ബോളിംഗ് എനിക്ക് ഇഷ്ടമല്ലായിരുന്നു. എനിക്ക് ദേഷ്യമായിരുന്നു. 10 ദിവസത്തോളം ഞാൻ ഗ്രൗണ്ടിലേക്ക് പോയില്ല. എന്നാൽ സ്പിൻ ബോളിംഗിൽ വിജയിക്കാൻ എനിക്ക് സാധിക്കും എന്ന ആത്മവിശ്വാസം പരിശീലകൻ നൽകി. ഇതോടെ എനിക്ക് സ്പിൻ ബോളിംഗ് തിരഞ്ഞെടുക്കേണ്ടിവന്നു. അങ്ങനെ പത്ത് ദിവസത്തിനു ശേഷം വീണ്ടും ക്രിക്കറ്റ് അക്കാദമി മൈതാനത്തേക്കു ഞാൻ കളിക്കാനായി ചെന്നു. സ്പിൻ ചെയ്തു തുടങ്ങിയതു മുതൽ ചൈനാമാൻ ബോളിംഗാണ് ഉപയോഗിച്ചിരുന്നത്.”
ഫാസ്റ്റ് ബോളറാകാൻ മോഹിച്ച് അത് നടക്കാതെ വിട്ടുകൊടുത്തിരുന്നു എങ്കിൽ നമുക്ക് ഇതുപോലെ ഒരു വജ്രത്തെ എങ്ങനെ കിട്ടുമായിരുന്നു അല്ലെ…












Discussion about this post