സന്ദീപ് ദാസ്
ഫാസ്റ്റ് ബോളിങ്ങ് എന്ന കലയുടെ മുടിചൂടാമന്നനായിരുന്ന വസീം അക്രം ഒരിക്കൽ പറഞ്ഞിട്ടുണ്ട്-”പേസർമാർക്ക് അഗ്രഷൻ നിർബന്ധമാണ്. മികച്ച ഷോട്ട് പായിച്ച ബാറ്ററെ ഫാസ്റ്റ് ബോളർ പ്രശംസിക്കുന്ന കാഴ്ച്ച എനിക്കിഷ്ടമല്ല. ഒരാൾ ബൗണ്ടറിയടിച്ചാൽ നിങ്ങൾ അയാളെ തുറിച്ചുനോക്കണം! ബോളർ അങ്കത്തിന് തയ്യാറാണെന്ന് ബാറ്ററെ ബോദ്ധ്യപ്പെടുത്തണം…!!”
അതാണ് ഒരു ഫാസ്റ്റ് ബോളറുടെ മനോനില! തങ്ങൾക്കെതിരെ ബിഗ് ഹിറ്റുകൾ കളിക്കപ്പെടുമ്പോൾ പേസർമാരുടെ ഈഗോ വലിയ രീതിയിൽ മുറിപ്പെടാറുണ്ട്.ദക്ഷിണാഫ്രിക്കയുടെ പേസറായ കോർബിൻ ബോഷിൻ്റെ ഉള്ളിൽ വലിയ ആക്രമണോത്സുകതയുണ്ട്. ഓസീസിനെതിരായ ഒരു ടി-20 മത്സരത്തിൽ വിക്കറ്റ് എടുത്തതിനുശേഷം പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് ഐ.സി.സി-യുടെ ശിക്ഷ ഏറ്റുവാങ്ങിയ ചരിത്രം അയാൾക്കുണ്ട്. വിശാഖപട്ടണത്ത് ഇന്ത്യയ്ക്കെതിരെ ബോഷ് ഒരു സിക്സർ വഴങ്ങിയിരുന്നു. അതൊരു ‘നോ-ലുക്ക് ‘ ഷോട്ട് ആയിരുന്നു! പന്ത് ലോങ്ങ്-ഓണിലൂടെ പറക്കുമ്പോൾ ബാറ്റർ ബോഷിനെ നോക്കുകയായിരുന്നു! ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനം.
പക്ഷേ ബോഷ് കുപിതനായില്ല! അയാൾ ബാറ്ററെ അഭിനന്ദിക്കുകയാണ് ചെയ്തത്. കാരണം ആ ഷോട്ട് കളിച്ചത് വിരാട് കോഹ്ലിയായിരുന്നു. വിരാട് എതിരാളികളുടെ മനസ്സിൽ വിതയ്ക്കുന്ന ഭയത്തിൻ്റെ വലിപ്പം വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി മൂന്നാം ഏകദിനത്തിൽ കണ്ടു. തനിക്കെതിരെ സ്റ്റെപ്പൗട്ട് ഷോട്ടിന് ശ്രമിച്ച യശസ്വി ജയ്സ്വാളിനെ ബാർട്ട്മാൻ തുറിച്ചുനോക്കി! വിരാട് അതേ കാര്യം പ്രവർത്തിച്ചപ്പോൾ ബാർട്ട്മാൻ ഒരക്ഷരം മിണ്ടാതെ ബോളിങ്ങ് മാർക്കിലേയ്ക്ക് തിരിച്ചുനടന്നു. റൺചേസിൽ കണ്ടത് ഇന്ത്യയുടെ സമഗ്രാധിപത്യമാണ്. ഒന്നാന്തരമായി ബാറ്റ് ചെയ്ത രോഹിത് ശർമ്മയുടെ വിക്കറ്റ് വീണപ്പോഴാണ് പ്രോട്ടിയാസിന് ചെറിയൊരു പ്രതീക്ഷ കൈവന്നത്.
ഏറ്റവും നന്നായി പന്തെറിഞ്ഞ മാർക്കോ യാൻസൻ പുതിയൊരു സ്പെല്ലിനെത്തി. സെഞ്ച്വറിയ്ക്കരികിൽ നിൽക്കുകയായിരുന്ന ജയ്സ്വാളിൻ്റെ ബാറ്റിൻ്റെ എഡ്ജ് കണ്ടെത്താൻ യാൻസന് സാധിക്കുകയും ചെയ്തു. എന്നാൽ അതേ ഓവറിൽ വിരാട് ഒരു ഓൺ ദ റൈസ് കവർഡ്രൈവ് കളിച്ചു! ഈ സീരീസ് കൈവിട്ടുപോയി എന്ന് ദക്ഷിണാഫ്രിക്ക ഉറപ്പിച്ച നിമിഷമായിരുന്നു അത്.
മുപ്പത്തിയേഴാം വയസ്സിലും വിരാടിന് റണ്ണുകളോട് അടങ്ങാത്ത ദാഹമാണ്. ഫിഫ്റ്റി തികച്ചപ്പോൾ അയാൾ അത് ആഘോഷിച്ചതേയില്ല, ക്ഷണനേരം കൊണ്ട് ബാറ്റിങ്ങിന് തയ്യാറാവുകയും അടുത്ത പന്തിൽ സിക്സർ പറത്തുകയും ചെയ്തു!. ഗാലറിയിൽ ബാനർ ഉയർന്നു-”We have our Kohlinoor…!” വിരാട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച സമയത്ത് ഹർഷ ഭോഗ്ലെ ചോദിച്ചിരുന്നു- ”ഒരു ക്രിക്കറ്റർക്ക് നേടാനുള്ളതെല്ലാം വിരാട് സ്വന്തമാക്കിക്കഴിഞ്ഞു. ഇനിയും മുന്നോട്ട് കുതിക്കാനുള്ള ആഗ്രഹം വിരാടിൽ അവശേഷിക്കുന്നുണ്ടോ!? അത് കാത്തിരുന്ന് കാണണം…!”
കളിയോടുള്ള വിരാടിൻ്റെ പാഷൻ കുറഞ്ഞു എന്ന് പലരും വിമർശിച്ചിരുന്നു. ഇപ്പോൾ മുണ്ടൂർ മാടനെപ്പോലെയാണ് വിരാട് തിരിച്ചുവന്നിട്ടുള്ളത്. അയാളെ പരമാവധി പ്രകോപിപ്പിച്ച സെലക്ടർമാർക്കും കോച്ചിനും നന്ദി പറഞ്ഞേ മതിയാകൂ. ബി.സി.സി.ഐ-യിലെ തമ്പുരാക്കൻമാരോട് ചിലത് പറയാനുണ്ട്. ജോൺസൻ എന്ന് കേട്ടിട്ടുണ്ടോ നീ, സ്പെൻസർ ജോൺസൻ അല്ല ; മിച്ചൽ ജോൺസൻ. പണ്ട് കംഗാരുപ്പട ജോൺസനെ ഇറക്കി. എതിരുനിൽക്കുന്ന ബാറ്റർമാരെ കൊന്നുതള്ളാൻ. ഒരു ആഷസ് കഴിഞ്ഞു. കുറേ ഇംഗ്ലിഷ് ബാറ്റർമാർ തീർന്നു. പക്ഷേ അടുത്ത ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ജോൺസൻ്റെ വെടി തീർന്നു. ചെയ്തതാരെന്ന് ഇന്ത്യൻ ആരാധകർക്ക് പിടികിട്ടി. അവർ അവനോട് പറഞ്ഞു-നീ കെട്ടഴിച്ചത് ബാറ്റിങ്ങ് മാത്രമല്ല. മഹായുദ്ധം തന്നെയാണ്. അവൻ്റെ പേ8രാണ് വിരാട് കോഹ്ലി.
കാലം കടന്നുപോയപ്പോൾ അയാൾ ഒന്ന് ഒതുങ്ങി. അയാളൊന്ന് മയപ്പെട്ടു, ആ വിരാടിനെയാണ് നിങ്ങൾ ചൊറിഞ്ഞത്. ഇനി അയാൾക്ക് മേലും കീഴും നോക്കാനില്ല. കണ്ടറിയണം ക്രിക്കറ്റ് ടീമുകളേ! നിങ്ങൾക്കിനി എന്ത് സംഭവിക്കുമെന്ന്…!!!













Discussion about this post